വരന്തരപ്പിള്ളി: ആദിവാസി കുട്ടികളെ മുഖ്യധാരയിലെത്തിച്ചില്ലെങ്കിൽ വിദ്യാഭ്യാസ രംഗത്ത് അവർ പിന്തള്ളപ്പെടുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികവർഗ മലയോര മേഖലകളിലെ ഓൺലൈൻ പഠന സഹായ പദ്ധതിയായ വിദ്യാതരംഗം ഇന്റർനെറ്റ് കണക്റ്റിവിറ്റി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചക്കിപ്പറമ്പ് ആദിവാസി കോളനിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വരന്തരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലയായ ചക്കിപ്പറമ്പ് പ്രദേശത്തേക്ക് ആറര കിലോമീറ്റർ ദൂരം ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിച്ച് പൊതുകേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ സ്‌പോട്ടുകൾ ഒരുക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
കെ.കെ രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, വി.എസ് പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജില്ലാ പട്ടിക വർഗ ഓഫീസർ ഇ.ആർ സന്തോഷ്, പി.എൻ വിജയൻ എന്നിവർ സംസാരിച്ചു.