തൃശൂർ : കൊവിഡ് പ്രതിരോധ - നിയന്ത്രണ ചുമതലകളിൽ നിന്ന് പൊലീസ് ഉൾവലിയുന്നു. പ്രതിരോധ നിയന്ത്രണങ്ങൾ ഉറപ്പ് വരുത്താൻ ഓരോ പഞ്ചായത്തിലും രണ്ട് പേർക്കായിരുന്നു നേരത്തെ ചുമതല. പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ അതിനനുസൃതമായി കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു. ഓരോ നിയോജക മണ്ഡലത്തിലും ആറ് മുതൽ പത്ത് വരെ പഞ്ചായത്തുകളുണ്ട്. ഇവിടേക്ക് ആവശ്യമായ പൊലീസിനെ ഒന്നോ രണ്ടോ സ്‌റ്റേഷനുകളിൽ നിന്നാണ് നിയോഗിച്ചിരുന്നത്. കൊവിഡ് റിപ്പോർട്ട് ചെയ്ത ശേഷം കഴിഞ്ഞ ഒന്നര വർഷത്തോളമായി പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ് പൊലീസ്. നിലവിൽ കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് പൊലീസുകാരെ പിൻവലിക്കാൻ തീരുമാനമെടുത്തതെന്ന് അറിയുന്നു.
ഇതിന്റെ ആദ്യപടിയായി ജനമൈത്രി പൊലീസിൽ ജോലി ചെയ്യുന്നവരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് തിരിച്ചു വിളിച്ചു. ജനമൈത്രി വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പേരെയാണ് കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. പകരം മറ്റ് പൊലീസുകാരെ ഇതുവരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ല. നിലവിൽ ഓരോ സ്‌റ്റേഷനിലും ആവശ്യമായ പൊലീസുകാരുടെ കുറവ് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണ് ഓരോ പഞ്ചായത്തിലേക്കും രണ്ട് പേരെ വീതം നിയോഗിച്ചത്. ഓരോരുത്തരും പകുതിയോളം വാർഡുകളിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയിരുന്നത്. കൂടാതെ പരിശോധനകളും ചെക്ക് പോസ്റ്റുകളും സ്ഥാപിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനം സജീവമായിരുന്നു. കൊവിഡിന്റെ തുടക്കക്കാലത്ത് ആരോഗ്യ വകുപ്പിനായിരുന്നു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പൂർണ്ണ ചുമതല. പിന്നീട് അത് പൊലീസിന് കൈമാറുകയായിരുന്നു.
പരിശോധനകൾ കുറഞ്ഞു
ടി.പി.ആർ നിരക്ക് കുറഞ്ഞ പഞ്ചായത്തുകളിലും മറ്റും സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധനകൾ കുറഞ്ഞുതുടങ്ങി. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന് സെക്ടറൽ മജിസ്‌ട്രേറ്റുമാരായി പ്രത്യേക അധികാരം നൽകിയാണ് പരിശോധനകൾക്ക് നിയോഗിച്ചിരുന്നത്. സെക്ടറൽ മജിസ്‌ട്രേറ്റിന് പുറമേ പൊലീസ് , ആരോഗ്യ പ്രവർത്തകൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയിരുന്നത്. എന്നാൽ കൂടുതൽ ഇളവുകൾ വന്നതോടെ പരിശോധനകൾ കുറച്ച് തുടങ്ങി.