muncipal-
കുന്നംകുളം നഗരസഭാ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ ബയോ ബിൻ വിതരണം ചെയ്യുന്നു.


കുന്നംകുളം: മാലിന്യ സംസ്‌കരണ ഉപാധികൾ വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ച് സമ്പൂർണ ശുചിത്വ പദവി നേടുകയെന്ന ലക്ഷ്യത്തോടെ കുന്നംകുളം നഗരസഭയുടെ ബയോബിൻ വിതരണം ജനങ്ങൾക്കിടയിൽ തരംഗമാകുന്നു. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മ സേനവഴി ശേഖരണം നടന്നുവരുന്നുണ്ട്. നല്ല വീട്, നല്ല നഗരം പദ്ധതിയുടെ ഭാഗമായാണ് മാലിന്യ സംസ്‌ക്കരണം പൊതുജന പങ്കാളിത്തത്തോടെ കുന്നംകുളത്ത് നടപ്പാക്കികൊണ്ടിരിക്കുന്നത്. അയ്യായിരത്തോളം വീടുകൾ മാലിന്യ സംസ്‌കരണ ഉപാധികൾ ഉപയോഗിച്ചുതുടങ്ങി. വീടുകളിലെ മാലിന്യം വളമാക്കി മാറ്റുന്നത് നഗസഭതന്നെ തിരികെ വാങ്ങുന്ന പരിപാടി ആരംഭിക്കുമെന്ന് നഗരസഭാ സെക്രട്ടറി ടി. കെ. സുജിത്ത് വ്യക്തമാക്കി. എണ്ണായിരത്തോളം വീടുകളിലും ആയിരത്തോളം കച്ചവട സ്ഥാപനങ്ങളും ഹരിതകർമ സേനയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ അറിയിച്ചു. കാർബൺ തൂലിത നഗരസഭ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ലഭ്യമായ ഇടങ്ങളിലെല്ലാം വൃക്ഷങ്ങൾ നട്ട് പരിപാലിക്കുന്നതിനും ജനങ്ങൾ തയ്യാറാകണമെന്ന് നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ പറഞ്ഞു.