vaccine

തൃശൂർ: സർക്കാരിന്റെ വാക്‌സിൻ വിതരണത്തിൽ നടക്കുന്നത് സ്വന്തക്കാർക്കും, സ്വകാര്യ ആശുപത്രികൾക്കും വേണ്ടിയുള്ള വൻ കൊള്ളയാണെന്ന് ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻസെന്റ് പറഞ്ഞു. 'വാക്‌സിൻ തരൂ ജീവൻ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി വാക്‌സിൻ വിതരണത്തിലെ ഇടതുവത്കരണത്തിനെതിരെയും, ക്രമക്കേടിനെതിരെയും ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡി.എം.ഒ. ഓഫീസിന് മുൻവശം മുതൽ സ്വരാജ് റൗണ്ടിന് ചുറ്റും തീർത്ത ആരോഗ്യസംരക്ഷണ ചക്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.സി.സി പ്രസിഡന്റ്.
26 ബ്ലോക്കുകളിൽ നിന്നായി 110 മണ്ഡലങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരാണ് 25 മീറ്റർ ഇടവിട്ട് 5 അംഗ ചെറു സംഘങ്ങളായി 120 പോയിന്റുകളിലായി അണിനിരന്നത്. ഡി.എം.ഒ ഓഫീസിന് മുൻപിൽ ഉദ്ഘാടനം നടക്കുന്ന അതേസമയം എല്ലാ പോയിന്റുകളിലും വിശദീകരണ യോഗം നടത്തി. സ്വരാജ് റൗണ്ടിന് ചുറ്റും വലിയ സിറിഞ്ചിന്റെ മാതൃക വഹിച്ച വാഹനവുമുണ്ടായിരുന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. ജോസഫ് ചാലിശ്ശേരി, ടി.ജെ സനീഷ് കുമാർ ജോസഫ് എം.എൽ.എ, ടി.യു. രാധാകൃഷ്ണൻ, ടി.വി. ചന്ദ്രമോഹൻ, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസൻ, ജോൺ ഡാനിയേൽ, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, അനിൽ അക്കര, സുന്ദരൻ കുന്നത്തുള്ളി, രാജൻ പല്ലൻ തുടങ്ങിയവർ പ്രസംഗിച്ചു.