കൊടുങ്ങല്ലൂർ: ഓരു ജലപ്രളയത്തിന്റെ നടുവിലാണ് ഒരു പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങളുടെ ജീവിതം. നഗരസഭയിലെ പാലിയം തുരുത്ത്, കക്കമാടൻ തുരുത്ത് വാർഡുകളിലെ ദ്വീപിൽ താമസിക്കുന്ന കുടുംബങ്ങളാണ് ഓരു ജലത്തിൽപെട്ട് 25 വർഷമായി ജീവിക്കുന്നത്. വേലിയേറ്റ സമയങ്ങളിൽ ദ്വീപിലെ പകുതിയിലധികം ഭാഗങ്ങളും മുങ്ങുന്ന അവസ്ഥയാണ്.
ഓരു ജലത്താൽ ശുദ്ധജല സ്രോതസുകൾ മലീമസമാകുന്നു. ഓരു ജലം കെട്ടി നിന്ന് കൃഷി പാടെയില്ലാതെയായി. കെട്ടിടം ഗുരുതരമായ ജീർണ്ണാവസ്ഥയെയും അഭിമുഖീകരിക്കുന്നു. റോഡുകൾ മിക്കതും തകർന്ന നിലയിലാണ്. വീടിന്റെ നിർമ്മാണ പ്രവർത്തനം നടത്താൻ പറ്റാത്ത അവസ്ഥയാണ്. പ്രദേശമാകെ വെള്ളമായതിനാൽ പ്രായമായവരും അസുഖം ബാധിച്ച് കിടപ്പിലായവരും കൂടുതൽ ദുരിതത്തിലാണ്.
പൂർവകാലങ്ങളിൽ ഈ പ്രദേശത്തുകാർ മൺസൂൺ മഴയുടെ ശക്തിയനുസരിച്ചേ മഴവെള്ള കെടുതി അനുഭവിക്കേണ്ടി വന്നിരുന്നുള്ളൂ. എന്നാൽ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ്. മൂന്ന് മാസത്തെ മഴക്കെടുതികൾ കൂടാതെ ശേഷിക്കുന്ന ഒമ്പത് മാസം ഓരു ജലപ്രളയക്കെടുതികൾ കൂടി അനുഭവിക്കേണ്ടി വരികയാണ്.
കൃഷി നശിച്ചു പോയതിനാൽ പല പ്രദേശങ്ങളും കാടുകയറി ഇഴജന്തുക്കൾ ഉൾപ്പെടെയുള്ളവ താവളമാക്കിയിരിക്കുന്നു. രണ്ട് കിലോമീറ്ററിലധികം നീളവും 800 മീറ്ററോളം വീതിയുമുള്ള ഈ ഭൂപ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും മത്സ്യബന്ധനം, കയർ അനുബന്ധ തൊഴിലുകൾ, തെങ്ങുകൃഷി എന്നിവയിലൂടെയാണ് ഉപജീവനം നടത്തിവന്നിരുന്നത്. ഇവിടെ മനുഷ്യ ജീവിതം അസാദ്ധ്യമാണെന്ന നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാര്യങ്ങൾ ഗുരുതരമായിട്ടും അധികൃതർ ഇതു സംബന്ധമായ ഒരു ഇടപെലും നടത്തിയിട്ടില്ല. കനോലി കനാലിന്റെ ഇരുകരകളിലും ചിലയിടങ്ങളിൽ ഈ പ്രതിഭാസത്തെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമുണ്ട്.
ഈ ഭൂപ്രദേശത്തെ വലയം ചെയ്ത് കരയിൽ നിന്നും പത്തോ പതിനഞ്ചോ മീറ്റർ വീതിയിൽ നിലവിലുള്ള കരയുടെ ഉയരത്തിൽ നിന്ന് അഞ്ച് അടിയെങ്കിലും ഉയരത്തിൽ കരിങ്കൽ ഭിത്തികൾ നിർമ്മിക്കണം. ഇതിന്റെ ഉൾവശത്ത് പുഴയിൽ വൻതോതിൽ അടിഞ്ഞുകൂടിയിട്ടുള്ള എക്കൽ യന്ത്ര സഹായത്തോടെ നീക്കിയാൽ ഉൾനാടൻ മത്സ്യ തൊഴിലാളികൾ നേരിട്ടിരിക്കുന്ന തടസം നീങ്ങിക്കിട്ടും. ഒപ്പം ദ്വീപുകാരുടെ നരകയാതന അവസാനിപ്പിക്കാനുമാകും.
വി.എ ജ്യോതിഷ്
പൊതു പ്രവർത്തകൻ
ദ്വീപ് ഇങ്ങനെ
2 കിലോമീറ്റർ നീളം
800 മീറ്റർ വീതി