snehadrave
വിദ്യാഭ്യാസ ഓഫീസർ നാസറിന് ബഷീറിന്റെ പ്രിയവൃക്ഷമായ മാങ്കോസ്റ്റിന്റെ തൈ നൽകുന്നു.

തൃപ്രയാർ: വിദ്യാഭ്യാസ ഓഫീസർക്ക് ബഷീർ ദിനത്തിൽ കുഞ്ഞുണ്ണി സ്മാരകത്തിൽ പ്രധാന അദ്ധ്യാപകരുടെ സ്നേഹാദരവ്.

കുന്നംകുളം ഉപജില്ലയിലേക്ക് സ്ഥലം മാറിപ്പോകുന്ന വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ നാസറിനാണ് ഉപജില്ല ഹെഡ് മാസ്റ്റേഴ്സ് ഫോറം സ്നേഹാദരമൊരുക്കിയത്. കഴിഞ്ഞ സെപ്തംബറിലാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി വി.കെ നാസർ ചുമതലയേറ്റത്.
മലപ്പുറം ജില്ലക്കാരനായ ഇദ്ദേഹം കുഞ്ഞുണ്ണിക്കവിതകളുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും വലിയ ആരാധകനായിരുന്നു. വിദ്യാഭ്യാസ വേദികളിലും സംഭാഷണങ്ങളിലും കുഞ്ഞുണ്ണിക്കവിതകൾ ഉദ്ധരിക്കുന്ന വി.കെ നാസർ കുഞ്ഞുണ്ണി മാഷുടെ ജന്മനാട്ടിലെത്തിയത് നിയോഗമായി കരുതിയിരുന്നു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറോടുള്ള കൃതജ്ഞതയായിട്ടാണ് ഉപജില്ലയിലെ പ്രധാന അദ്ധ്യാപകർ എ.ഇ.ഒയുടെ പ്രിയ കവിയുടെ സ്മാരകത്തിൽ വെച്ച് ബഷീർ ഓർമ്മദിനത്തിൽ അദ്ദേഹത്തിന് യാത്രഅയപ്പ് ഒരുക്കിയത്. ചടങ്ങ് എഴുത്തുകാരിയും കുഞ്ഞുണ്ണിമാഷുടെ മരുമകളുമായ ഉഷ കേശവരാജ് ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും നടത്തി.
എ.ഇ.ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ജസ്റ്റിൻ തോമസ്. വി. അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ. ടി രജനി. പൊന്നാടയണിയിച്ചു. പരിസ്ഥിതി ഫോട്ടോഗ്രാഫർ റീഗൻ തോമസ് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രിയ വൃക്ഷം മാങ്കോസ്റ്റിൻ തൈ നൽകി. മുൻ എച്ച്.എം ഫോറം കൺവീനർ സി.കെ കുട്ടൻ, പ്രധാന അദ്ധ്യാപകരായ പി.എച്ച് ഷെറീഫ, സി.കെ ബിജോയ്, കെ. നന്ദകുമാർ, ജിഷ, നിമ്മി, സ്വപ്ന, സിന്ധു, ജോസ്, കൃഷ്ണപ്രിയ എന്നിവർ പ്രസംഗിച്ചു.