പാവറട്ടി : ജനങ്ങളുടെ ജീവിത നിലവാരം പരിശോധിക്കുന്നിതിന് വേണ്ടിയുള്ള ഈസ് ഓഫ് ലിവിംഗ് സർവ്വേ എളവള്ളി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. പഴയ സാമൂഹ്യ സാമ്പത്തിക സെൻസസ് പട്ടികയിലുള്ള ഗുണഭോക്താക്കളുടെ നിലവിലുള്ള ജീവിത സൗകര്യങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ സർവ്വേ പ്രവർത്തനം ഏകോപിപ്പിക്കും. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ, മുൻ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് വിവരശേഖരണം നടത്തുന്നത്. വിവരങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ മാത്രം ഗുണഭോക്താക്കളെ നേരിൽ കാണും. സർവ്വേയുടെ ഡാറ്റാ എൻട്രിയും അപ്‌ലോഡിംഗും ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് നടത്തും. സർക്കാർ പദ്ധതികളിലെ ഇനിയും പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനായി ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോഫോക്‌സ് നിർവ്വഹിച്ചു. മുല്ലശ്ശേരി ബി.ഡി.ഒ. എം.ഹരിദാസ്, ജോയിന്റ് ബി.ഡി.ഒ ടി.കെ.സജീവൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ഹരി കൊണ്ടാഴി, ബൈജു വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.