മാള: ദേശീയപാത അധികൃതരുടെ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് അവർ തന്നെ ഉത്തരം പറയേണ്ടി വരുമെന്ന് അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ. മന്ത്രി അഡ്വ.കെ.രാജൻ പങ്കെടുത്ത യോഗത്തിൽ ദേശീയപാത അധികൃതരെ വേദിയിലിരുത്തിയാണ് എം.എൽ.എയുടെ രൂക്ഷമായ ഭാഷയിലുള്ള വിമർശനം. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നും സർക്കാരിനും ജനപ്രതിനിധികൾക്കും പേരുദോഷമുണ്ടാക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അത്തരം സംഭവങ്ങൾ തുടർന്നാൽ ഉത്തരം പറയേണ്ടിവരുമെന്നും വി.ആർ.സുനിൽകുമാർ വ്യക്തമാക്കി. അപകടങ്ങളും അതുമൂലമുള്ള മരണങ്ങളും ഉണ്ടാകുമ്പോൾ പലപ്പോഴും സർക്കാരിനെയും ജനപ്രതിനിധികളെയും കുറ്റപ്പെടുത്തുന്ന വാർത്തകളാണ് ഉണ്ടാകുന്നത്. ദേശീയപാത അധികൃതർ അതിലൊന്നും വരുന്നില്ല. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് അവാർഡ് രേഖകൾ വിതരണം ചെയ്യുന്ന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ.