രോഗികളെ ഇറക്കിയതിനുശേഷം സോന വാഹനത്തിനൊപ്പം.
കൊടുങ്ങല്ലൂർ: കൊവിഡ് ബാധിച്ച കുടുംബത്തെ ആശുപത്രിയിൽ എത്തിച്ച് എ.ഐ.വൈ.എഫ് പ്രവർത്തക. കൊടുങ്ങല്ലൂർ പുല്ലൂറ്റ് മുതുങ്ങാടൻ ദിനേശന്റെ മകൾ സോനയാണ് കൊവിഡ് ബാധിതർക്ക് തുണയായത്. എ.ഐ.വൈ.എഫ് പുല്ലൂറ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി വാഹനം ഒരുക്കിയിരുന്നു. ഈ വാഹനത്തിലാണ് കൊവിഡ് ബാധിതരെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതിന് സോന വളയം പിടിച്ചത്. കൊടുങ്ങലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് സോന വണ്ടി ഓടിച്ചത്. ഒരു നാടിനു മുഴുവൻ അഭിമാനവും മാതൃകയുമായി സോനയുടെ പ്രവർത്തനം. സോന എ.ഐ.വൈ.എഫ് കിഴക്കുംപുറം യൂണിറ്റ് അംഗവും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ബി.എ. ഇംഗ്ലീഷ് അവസാന വർഷ വിദ്യാർത്ഥിയുമാണ്.