തൃശൂർ : വ്യാപാര മേഖലയിലെ അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കടകൾ അടച്ചിട്ട് നിരാഹാര സമരം നടത്തും. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ ജില്ലയിലെ 200 യൂണിറ്റുകളിൽ 1,500 കേന്ദ്രങ്ങളിൽ സമര പരിപാടി നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ. വി. അബ്ദുൾ ഹമീദ് അറിയിച്ചു. കളക്ടറേറ്റിന് മുന്നിൽ ജില്ലാ ജനറൽ സെക്രട്ടറി കെ. വി വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകുക, ഹോട്ടലുകളിൽ ഭക്ഷണം ഇരുന്ന് കഴിക്കാൻ അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.