കൊടുങ്ങലൂർ: ദേശീയ പാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖാപരമായ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. സ്ഥലമെടുപ്പിന് രേഖകൾ സമർപ്പിച്ചവരിൽ ഭൂമിയുടെ സ്വഭാവം കാണാവകാശമായിട്ടുള്ളവരിൽ ഭൂമി ജന്മാവകാശമാക്കി തിരുത്തണമെന്ന വിഷയം പ്രധാന പ്രശ്‌നമായി കണ്ട് സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് അവാർഡ് രേഖകളുടെ വിതരണോദ്ഘാടനം മേത്തല മിനി സിവിൽ സ്റ്റേഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ച് കൈവശക്കാർക്ക് കാലതാമസം കൂടാതെ ക്രയവിക്രയ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് എല്ലാ ശ്രമവും നടത്തും.
നിയമവും ചട്ടവും പാലിച്ച് അടിയന്തര പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.
എടക്കഴിയൂർ, ഒരുമനയൂർ, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ എന്നീ വില്ലേജുകളിലെ ഭൂവുടമകളായ ശശിധരൻ ചിറയത്ത്, പാറാട്ട് വീട്ടിൽ ജഹാംഗീർ, തറയിൽ സുമതി, കണിയാംപറമ്പിൽ ഉണ്ണികൃഷ്ണൻ, ഉമ്മർ മതിലകത്ത്, രതീദേവി കളപ്പുരയിൽ തുടങ്ങിയ 12 പേർക്ക് മന്ത്രി അവാർഡ് രേഖകൾ വിതരണം ചെയ്തു.
അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബെഹ്നാൻ എം.പി വിശിഷ്ടാതിഥിയായി. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, കളക്ടർ എസ്. ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ, സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഐ. പാർവതി ദേവി, തഹസിൽദാർ കെ. രേവ തുടങ്ങിയവർ പങ്കെടുത്തു.