ചെറുതുരുത്തി: നവതിയാഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലയിലുള്ള 90 കലാകാരൻമാരെ അയ്യായിരം രൂപയും പ്രശസ്തി പത്രവും നൽകി ആദരിക്കുമെന്ന കേരള കലാമണ്ഡലത്തിന്റെ പ്രഖ്യാപനം കടലാസിലൊതുങ്ങിയതായി ആക്ഷേപം. നവതിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ അറിയിപ്പിലാണ് വൈസ് ചാൻസലർ അടക്കമുള്ളവർ കലാകാരൻമാരുടെ ആദര ചടങ്ങ് പ്രഖ്യാപിച്ചത്. ഭരണസമിതി അംഗമായ കലാമണ്ഡലം ഗോപിയാശാൻ അടക്കമുള്ളവരാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. എന്നാൽ കൊവിഡ് വ്യാപനത്താൽ നവതിയാഘോഷങ്ങൾ വേണ്ടെന്നുവെച്ചു. ആഘോഷങ്ങൾ വെട്ടിക്കുറച്ചെങ്കിലും കലാകാരന്മാർക്ക് നൽകാമെന്ന് പ്രഖ്യാപിച്ചിരുന്ന ആദരവ് വീടുകളിൽ വെച്ചെങ്കിലും നടത്തണമെന്നാണ് കലാകാരന്മാർ ആവശ്യപ്പെടുന്നത്.
കലാമണ്ഡലത്തിൽ മാസങ്ങളായി രജിസ്ട്രാർ ഇല്ലാത്തതിനാൽ ഭരണ സ്തഭനമാണെന്നും പരാതിയുണ്ട്. സർക്കാരുമായുള്ള കത്തിടപാടുകൾ നടത്താനോ കലാമണ്ഡത്തിന്റെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനോ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്. മാസങ്ങളായി അടച്ചിട്ടിരിക്കുന്ന കലാമണ്ഡലം എന്ന് തുറക്കാൻ കഴിയുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്. ഗുരുകുല സമ്പ്രദായമായതിനാൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ കഴിയാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്. കുട്ടികളുടെ ഭാവി കണക്കിലെടുത്ത് സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.