കാഞ്ഞാണി: മണലൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ശിശുസംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് മുരളി പെരുനെല്ലി എം.എൽ.എ നിർവഹിക്കും. ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ളൊരു ഡേ കെയർ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
മുഖ്യമന്ത്രിയുടെ 100 ദിന തൊഴിൽദാന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പവിത്രം, നീലാംബരി കുടുംബശ്രീ യൂണിറ്റുകളാണ് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. കുട്ടികൾക്കായി കളിയൂഞ്ഞാൽ, സീസോ എന്നിവ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷൻ വഴിയാണ് പ്രവർത്തകർക്ക് പരിശീലനം ലഭിച്ചത്.
ആറ് മാസം മുതൽ 15 വയസ് വരെയുള്ള പെൺകുട്ടികളെയും പത്ത് വയസ് വരെയുള്ള ആൺകുട്ടികളെയുമാണ് കേന്ദ്രത്തിൽ സംരക്ഷിക്കുക. കാഞ്ഞാണി ആനക്കാട് ഭൂമിക അംഗൻവാടിക്ക് സമീപം കുട്ടികൾക്കായി മറ്റൊരു വീടും സജ്ജീകരിക്കുന്നുണ്ട്. മിതമായ ഫീസാണ് രക്ഷിതാക്കളിൽ നിന്നും ഈടാക്കുകയെന്ന് ചുമതലക്കാരായ കെ.എ ധന്യയും, വി.എസ് ജിൽഷയും പറയുന്നു.
വാർഡ് അംഗം കൃഷ്‌ണേന്ദു പ്രിജിത്ത്, ജനാർദ്ദനൻ മണ്ണുമ്മൽ, സി.ഡി.എസ് ചെയർപേഴ്‌സൺ ഗിരിജ രാമചന്ദ്രൻ, സി.ഡി.എസ് അംഗം ഷജിനി പവിത്രൻ, എ.ഡി.എസ് പ്രസിഡന്റ് ഇൻചാർജ്ജ് ടി.ബി ശാരി, എ.ഡി.എസ് സെക്രട്ടറി സുമിത്ര വിജയൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.