ചാലക്കുടി: നഗരസഭയിൽ അഗതിരഹിത കേരളം പദ്ധതിക്ക് അംഗീകാരം ലഭിച്ചു. കഴിഞ്ഞ നാലു വർഷമായി മുടങ്ങി കിടന്ന പദ്ധതിക്കാണ് നഗരസഭ തുടക്കം കുറിക്കുന്നത്. 56 ഗുണഭോക്താക്കളുള്ള പദ്ധതിക്ക് വേണ്ടി 56.79 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ ഭരണ സമിതി ആദ്യമായി പ്രഖ്യാപിച്ചതിൽ പ്രധാനപ്പെട്ടതാണ് അഗതിരഹിത കേരളം പദ്ധതി. ഗുണഭോക്താക്കളെ നിശ്ചയിക്കുന്നുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടർന്നതിനാൽ കഴിഞ്ഞ 4 വർഷമായി പദ്ധതി മുടങ്ങികിടക്കുകയായിരുന്നു. അഗതികളും നിരാലംബരുമായ ജനവിഭാഗത്തിന് ഭക്ഷണ കിറ്റുകളും മെഡിക്കൽ ക്യാമ്പുകളും മരുന്നും ഭവന നിർമ്മാണമുൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക. വിവിധ വാർഡുകളിലായി 56 ഗുണഭോക്താക്കളുടെ ലിസ്റ്റിന് കൗൺസിൽ അംഗീകാരം നൽകി കുടുംബശ്രീ വഴി വിശദമായ പ്രോജക്ട് തയ്യാറാക്കി സമർപ്പിച്ചിരുന്നു.