തൃശൂർ : നഗരത്തിന്റെ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗം നാളെ , യോഗം പ്രക്ഷുബ്ധമായേക്കും. കഴിഞ്ഞ പത്ത് വർഷത്തോളമായി കരയിലടുക്കാത്ത വഞ്ചി പോലെ വട്ടം കറങ്ങുന്ന മാസ്റ്റർ പ്ലാനിനെതിരെ ചർച്ചക്ക് മുമ്പ് തന്നെ പ്രതിപക്ഷം സമരരംഗത്ത് ഇറങ്ങി കഴിഞ്ഞു. മുനിസിപ്പാലിയായിരിക്കെ തന്നെ നഗരവികസനവുമായി ബന്ധപ്പെട്ട് മാസ്റ്റർ പ്ലാൻ ചർച്ചകൾ ഉയർന്ന് വന്നിരുന്നെങ്കിലും 2012 അന്നത്തെ യു.ഡി.എഫ് മേയറായിരുന്ന ഐ.പി.പോളാണ് മാസ്റ്റർ പ്ലാൻ കൂടുതൽ ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ നാളിതുവരെയായിട്ടും യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ഭരണസമിതികൾ മാറിമാറി വന്നിട്ടും മാസ്റ്റർ പ്ലാനിന് അന്തിമരൂപമായിട്ടില്ല. ഐ.പി.പോൾ മേയറായ ഭരണ സമിതി മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. പിന്നീട് 2015 ൽ അന്നത്തെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും അഭിപ്രായങ്ങളും പരിഗണിച്ച് വീണ്ടും സർക്കാരിന് അയച്ചെങ്കിലും കൗൺസിലിന്റെ അംഗീകാരം ഇല്ലാത്തതിനാൽ അതും അംഗീകരിച്ചില്ല. പിന്നീട് അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഭരണസമിതി മാസ്റ്റർ പ്ലാനിനെ കുറിച്ച് നഗരത്തിലെ മുന്തിയ ഹോട്ടലിൽ വിശദമായി ചർച്ച നടത്തി. തുടർന്ന് കൗൺസിൽ ഹാളിൽ എഴു ദിവസം പൊതുജനങ്ങൾക്കായി വിശദീകരണവും നടത്തി. അതിന് ശേഷം 2019 ലാണ് കൗണസിലിന്റെ അംഗീകാരത്തിനായി മാസ്റ്റർ പ്ലാൻ അയച്ചത്. അതിനിടയിൽ കയറിവന്ന കൊവിഡും മറ്റും മാസ്റ്റർ പ്ലാൻ ചർച്ചകൾ നീണ്ടും പോകുകയും ചെയ്തു. വീണ്ടും എൽ.ഡി.എഫിന്റെ പുതിയ ഭരണ സമിതി നിലവിൽ വന്നതോടെയാണ് ആണ് മാസ്റ്റർ പ്ലാൻ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. യു.ഡി.എഫ് അവതരിപ്പിച്ച മാസ്റ്റർ പ്ലാനിൽ സമഗ്രമായ മാറ്റം വരുത്തിയാണ് കൗൺസിലിൽ വച്ചിരിക്കുന്നതെന്നാണ് ഭരണ പക്ഷത്തിന്റെ അവകാശ വാദം. ഇതിനിടയിൽ നഗത്തിന്റെ വിവിധ പ്രദശങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട് മാസ്റ്റർ പ്ലാനിനെതിരെ.പ്രധാനമായു റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളാണ് ഉയരുന്നത്. എൽത്തുരുത്തിൽ സെന്റ് അലോഷ്യസ് കോളേജ് പരിസരത്തെ റോഡിന്റെ വീതികൂട്ടൽ സംബന്ധിച്ച് നാട്ടുകാർ പ്രതിഷേധം ഉയർത്തി കഴിഞ്ഞു. അശാസ്ത്രീയമായ വികസന നീക്കങ്ങളിൽ നിന്ന് പിൻമാറണമെന്ന് സെന്റ് മേരീസ് ദേവാലയ പ്രതിനിധി സഭ ആവശ്യപ്പെട്ടു.
കോൺഗ്രസ് ധർണ്ണ
ജനവിരുദ്ധമായ മാസ്റ്റർ പ്ലാൻ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ ഇന്ന് രാവിലെ കോർപറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഡി.സി.സി പ്രസിഡന്റ് എം.പി.വിൻസന്റ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ അദ്ധ്യക്ഷത വഹിച്ചു. ജോൺ ഡാനിയേൽ, സുനിൽ രാജ്, എൻ.എ.ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായാതെയും കൗൺസിലിന്റെ ആസൂത്രണ സമിതി ചർച്ച നടത്താതെയും ആണ് മാസ്റ്റർ പ്ലാൻ നടപ്പാൻ പോകുന്നത്. ഇത് ഭൂമാഫിയയ്ക്ക് വേണ്ടിയുള്ള മാസ്റ്റർ പ്ലാനായി മാറി. മാസ്റ്റർ പ്ലാനിന്റെ മറവിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നത്.
(രാജൻ പല്ലൻ, കോർപറഷേൻ് പ്രതിപക്ഷ നേതാവ്)
നാഗരത്തിന്റെ വികസന കാര്യത്തിൽ യു.ഡി.ഫിനും എൽ.ഡി.എഫിനും ആത്മാർത്ഥയില്ലാണ് . മാസ്റ്റർ പ്ലാൻ ഉയർത്തി കാട്ടി അഴിമതി നടത്തുകയാണ് മാറി മാറി നഗരം ഭരിച്ച എൽ.ഡി.എഫും യു.ഡി.എഫും ചെയ്തുകൊണ്ടിരുന്നത്. മാസ്റ്റർ പ്ലാനിലെ അപാകതകൾ ബി.ജെ.പി കൗൺസിലിന് അകത്തും പുറത്തും വ്യക്തമായി ചൂണ്ടിക്കാട്ടിയുണ്ട്,
(വിനോദ് പൊള്ളാഞ്ചേരി, ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ)