library

മാള: ചരിത്രത്തിലാദ്യമായി വിദ്യാലയങ്ങളിലെ ക്ലാസ് മുറിയിലേക്കെത്തിയ കുഴൂർ ഗ്രാമീണ വായനശാല ഇനി വീടുകളിലും പ്രവർത്തിക്കും. പഞ്ചായത്തിലെ വാർഡുകളിലെ തിരഞ്ഞെടുത്ത വീടുകളിലാണ് വായനശാലകൾ പ്രവർത്തിക്കുക. ഈ കുടുംബ വായനശാലകളിൽ നിന്ന് സമീപത്തെ വീടുകളിലുള്ളവർക്ക് പുസ്തകങ്ങൾ വായിക്കാൻ കൊണ്ടുപോകാവുന്നതാണ്. തുടക്കത്തിൽ ഒരു കുടുംബ വായനശാലയിലേക്ക് 30 പുസ്തകങ്ങളാണ് നൽകുന്നത്.

അന്യമാകുന്ന വായനാശീലത്തെ പൊടിതട്ടിയെടുക്കുകയും പുതുതലമുറയെ പരിശീലിപ്പിക്കുകയുമാണ് ഈ പദ്ധതിയിലൂടെ കുഴൂർ ഗ്രാമീണ വായനശാല ഭാരവാഹികൾ ലക്ഷ്യമിടുന്നത്. കുടുംബ വായനശാലയിലേക്കുള്ള പുസ്തകങ്ങൾ എത്തിച്ചുനൽകാനും തിരിച്ചുകൊണ്ടുവരാനും രജിസ്റ്റർ സൂക്ഷിക്കാനും ഒരുക്കങ്ങളായിട്ടുണ്ട്. കൈയെത്തും ദൂരത്ത് വായനശാല എന്ന ആശയം ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.

പുസ്തകങ്ങൾ ക്രയവിക്രയം ചെയ്യുന്നതിന്റെ മേൽനോട്ട ചുമതലകൾ ഒഴികെയെല്ലാം നിർവഹിക്കുക തിരഞ്ഞെടുക്കപ്പെട്ട കുടുംബമായിരിക്കും. അടച്ചിടലിന്റെ ഒറ്റപ്പെടലിൽ പ്രതിരോധം തീർക്കാൻ ഈ വീട്ടുവായനശാലകൾക്ക് കഴിയുമെന്നാണ് കരുതുന്നത്. വായനശാലകളിലേക്കുള്ള വായനക്കാരുടെ വരവ് കുറഞ്ഞതും ഈ കൊവിഡ് മഹാമാരി കാലത്തെ ദുരവസ്ഥയായിരുന്നു. പഞ്ചായത്തിലെ എല്ലാ ക്ലാസ് മുറികളിലും വായനശാല, വനിതകൾക്കുള്ള തൊഴിൽ പരിശീലനം, കുട്ടികൾക്ക് നൃത്ത സംഗീത പരിശീലനം, എല്ലാ തലങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് പൂരക വിദ്യാഭ്യാസം, ഇ വിജ്ഞാന കേന്ദ്രം, ജൈവകൃഷി, പാലിയേറ്റീവ് കെയർ തുടങ്ങിയവ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ കുഴൂർ ഗ്രാമീണ വായനശാല വേറിട്ട പദ്ധതി കൂടി പ്രവർത്തികമാക്കിയിരിക്കുകയാണ്. കഥകൾ, നോവലുകൾ, ചിത്രകഥകൾ, ശാസ്ത്ര വിഷയങ്ങൾ, കവിതകൾ തുടങ്ങിയ മലയാളത്തിലും ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുള്ള പുസ്തകങ്ങളാണ് നൽകുന്നത്. വായനശാലാ പ്രസിഡന്റും മുൻ അദ്ധ്യാപകനുമായ ഐ. ബാലഗോപാൽ, സെക്രട്ടറി ടി.എൻ. വിജയൻ, ടി.എസ്‌. ഗോപി, ഒ.പി. ജയരാജ്, പി.എം. രവീന്ദ്രൻ മാസ്റ്റർ, ഇ. കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടുവായന ശാല പദ്ധതിക്ക് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്. 87 വർഷം പിന്നിട്ട വായനശാലയിൽ 15,000 പുസ്തകങ്ങളുടെ ശേഖരമാണുള്ളത്.