elephannt
എണ്ണപ്പന തോട്ടത്തിന് ഭീഷിണിയായ ഒറ്റയാൻ


അതിരപ്പിള്ളി: ആനകളാൽ പൊറുതിമുട്ടി പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളികൾ. കാലടി പ്ലാന്റേഷന്റെ വിവിധ പ്രദേശങ്ങളിൽ കൂട്ടമായി തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടം തൊഴിലാളികളുടെ ജീവനുതന്നെ ഭീഷണിയായി മാറുകയാണ്. മുമ്പ് രാത്രികാലങ്ങളിലായിരുന്നു ഇവയുടെ വിളയാട്ടമെങ്കിൽ ഇപ്പോൾ നേരവും കാലവുമില്ല. ഒന്നാം ബ്ലോക്കിൽ പുലർച്ചെ മുതൽ പ്രത്യക്ഷപ്പെടുന്ന ഒറ്റയാൻ സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. ഈയിടെയാണ് വലിയ കൊമ്പന്റെ ശല്യം തുടങ്ങിയത്. റോഡിൽ കയറി നിൽക്കുന്ന ആന പലപ്പോഴും മണിക്കൂറുകളോളം യാത്ര തടസവും സൃഷ്ടിക്കും. റബ്ബർ ജോലിയ്ക്ക് പോകുന്ന സ്ത്രീതൊഴിലാളികൾ ഓടിരക്ഷപ്പെട്ട സംഭവങ്ങളുമുണ്ടായി. കൂടുതൽ ആളുകളെത്തി ബഹളമുണ്ടാക്കിയാൽ മാത്രമാണ് ഇവന്റെ പിൻമാറ്റം. പതിനേഴ്, പതിനെട്ട് ബ്ലോക്കുകളും ആന ഭീഷിണിയിലാണ്. ദിനംപ്രതി പനകളും ഇവ കുത്തി മറിച്ചിടുന്നുണ്ട്. വിവിധ ബ്ലോക്കുകളിലായി അമ്പതോളം എണ്ണപ്പനകൾ ഇവയുടെ ആക്രണത്തിൽ നിലം പൊത്തി. പനക്കൂമ്പുകളിലെ മധുരമാർന്ന ചോറ് ആനകളുടെ പ്രിയഭക്ഷണമാണ്. തൊട്ടടുത്ത മലയിൽ നിന്നും ആറു വർഷം മുമ്പ് തോട്ടത്തിലെത്തിയ ഇവയ്ക്ക് പിന്നീട് തിരിച്ചുപോക്കുണ്ടായില്ല. നിരവധിപേർ ഇതിനകം ആനകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണ്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ എണ്ണപ്പനയോല ശേഖരിക്കാൻ പോയ വെറ്റിലപ്പാറ സ്വദേശി കുഞ്ചു ആനയുടെ ആക്രമണത്തിലാണ് മരിച്ചത്. എറണാകുളം ജില്ലാ ഭരണകൂടത്തിനും വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് മേധാവിക്കും മറ്റും പരാതികൾ നൽകിയെങ്കിലും ആന പ്രശ്‌നത്തിന് ഇനിയും പരിഹാരമുണ്ടാക്കാനായിട്ടില്ല.