chikilsa-sahayam

മതിലകം: ഗുരുതര ത്വക്ക് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നിർദ്ധന കുടുംബത്തിന് സഹായമായി മതിലകം ജനമൈത്രി പൊലീസ്. എസ്.എൻ പുരം പഞ്ചായത്തിലെ 20-ാം വാർഡിൽ ചെറുപ്പുള്ളിയിൽ മഞ്ജുവിന്റെ 20 വയസുകാരിയായ മകളുടെ ചികിത്സയ്ക്കാണ് സാമ്പത്തിക സഹായവും മരുന്നും ലഭ്യമാക്കിയത്. വളർച്ചക്കുറവും, മറ്റ് ശാരീര ബുദ്ധിമുട്ടും അനുഭവിക്കുന്ന കുട്ടിയുടെ ചികിത്സയ്ക്കായി വിലകൂടിയ മരുന്നുകൾ ആവശ്യമാണ്. ലയൺസ് ക്ലബ് പ്രസിഡന്റ് കബീറിന്റെയും, കൊടുങ്ങല്ലൂർ റിലീഫ് മെഡിക്കൽസിന്റെയും സഹകരണത്തോടെയാണ് സഹായം നൽകിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവരുടെ അവസ്ഥ പാലിയേറ്റീവ് കെയറിലെ നഴ്‌സായ സിന്ധുവാണ് മതിലകം പൊലീസിനെ അറിയിച്ചത്. തുടർന്ന് മതിലകം സി.ഐ: ടി.കെ ഷൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ: വി.വി വിമൽ,​ ജനമൈത്രി ബീറ്റ് ഉദ്യോഗസ്ഥരായ പി.സി നവീൻ, കെ.ആർ അജന്ത എന്നിവരാണ് ചികിത്സാ സഹായത്തിനായി മുൻകൈ എടുത്തത്.