vaccination

മാള: മാള പഞ്ചായത്തിലെ കൊവിഡ് വാക്‌സിനേഷൻ ഊർജിതമാക്കണമെണ് ആവശ്യപ്പെട്ട് സി.പി.എം, സി.പി.ഐ ജനപ്രതിനിധികൾ ചേരിതിരിഞ്ഞ് ഡി.എം.ഒയ്ക്ക് നിവേദനം നൽകി. ഭരണപക്ഷമായ എൽ.ഡി.എഫ് അംഗങ്ങൾക്കിടയിലെ ചേരിതിരിവാണ് ഇതിലൂടെ പുറത്തായത്.

പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോകിന്റെ നേതൃത്വത്തിൽ ഒരു സംഘവും,​ വൈസ് പ്രസിഡന്റ് സാബു പോൾ എടാട്ടുകാരന്റെ നേതൃത്വത്തിലുമാണ് രണ്ടായി നിവേദനം സമർപ്പിച്ചത്. രാവിലെ വൈസ് പ്രസിഡന്റ് സാബുപോൾ എടാട്ടുകാരൻ, ബിന്ദു ബാബു, സിനി ബെന്നി, ഉഷ ബാലൻ എന്നിവരാണ് ഡി.എം.ഒയെ കണ്ട് നിവേദനം നൽകിയത്.

അടുത്ത ഒമ്പതിന് ശേഷം വാക്‌സിൻ ക്യാമ്പ് നടത്തുമെന്ന് ഡി.എം.ഒ ഉറപ്പു നൽകിയതായി സംഘം അറിയിച്ചു. തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഡി.എം.ഒയെ കണ്ട് ഇതേ വിഷയത്തിൽ നിവേദനം നൽകിയത്. പഞ്ചായത്ത് ഒരേ വിഷയത്തിൽ ചേരിതിരിഞ്ഞ് നിവേദനം നൽകാൻ എത്തിയത് ആരോഗ്യ വകുപ്പിനെയും അമ്പരപ്പിച്ചിരിക്കുകയാണ്.

പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. മാള പഞ്ചായത്തിന്റെ നിലവിലെ അവസ്ഥ ജില്ലാ മെഡിക്കൽ ഓഫീസറെ കൃത്യമായി ബോദ്ധ്യപ്പെടുത്തിയതായും പ്രസിഡന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ ദിവസം വി.ആർ സുനിൽകുമാർ എം.എൽ.എ ജില്ലാ മെഡിക്കൽ ഓഫീസറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സന്നദ്ധ പ്രവർത്തകരെയും ഭരണസമിതിക്കുള്ളിലെ ചേരിതിരിവ് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതിനായി പഞ്ചായത്ത് വാഹനത്തിൽ ഒരുമിച്ച് പോയി ജില്ലാ മെഡിക്കൽ ഓഫീസറെ കാണുന്നതിനും നിവേദനം നൽകുന്നതിനും പകരം പൊതുജനങ്ങൾക്കിടയിൽ സ്വയം പരിഹാസ്യരാകുന്ന നില ഉണ്ടായത് എൽ.ഡി.എഫ് നേതാക്കൾക്ക് നീരസം ഉണ്ടാക്കിയതായും സൂചനയുണ്ട്.