ചാലക്കുടി: കടയടപ്പ് സമരദിനത്തിൽ ചാലക്കുടി ആനമല ജംഗ്ഷനിലെ സൂപ്പർമാർക്കറ്റ് തുറന്നുപ്രവർത്തിച്ചതിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി സംസാരിച്ചെങ്കിലും സൂപ്പർമാർക്കറ്റ് അടയ്ക്കാൻ തയ്യാറായില്ല. തുടർന്ന് മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ കുത്തിയിരിപ്പ് സമരം നടത്തി. കൊവിഡ് കാലത്ത് അനുമതിയില്ലാത്ത വസ്തുക്കളും ഇവിടെ വിൽപ്പന നടത്തുന്നുണ്ടെന്നും നടപ്പാത കൈയേറിയാണ് സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നതെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത്, ജന. സെക്രട്ടറി റെയ്‌സൻ ആലൂക്ക, ചന്ദ്രൻ കൊളത്താപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു.