ചാലക്കുടി: കൊവിഡ് കാലത്ത് കാറ്ററിംഗ് മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് സർക്കാർ അടിയന്തര പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കേരള കാറ്ററിംഗ് അസോസിയേഷൻ ചാലക്കുടി യൂണിറ്റ് കൊരട്ടി ബിവറേജ് ഷോപ്പിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി.ഒ ദേവസി ഉദ്ഘാടനം ചെയ്തു. ജന സെക്രട്ടറി ജോഷി പുത്തിരിക്കൽ അദ്ധ്യക്ഷനായി. സമരത്തിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 എം.എൽ.എമാർക്കും അസോസിയേഷൻ ഭാരവാഹികൾ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചിരുന്നു. നൂറുകണക്കിന് ആളുകൾ കൊവിഡ് മാനദണ്ഡങ്ങൾ അവഗണിച്ച് മദ്യ വിൽപ്പന കേന്ദ്രങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോൾ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഭക്ഷണ വിതരണവും ആഘോഷങ്ങളും നടത്താൻ സർക്കാർ അനുമതി നിഷേധിക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് ഈ സമരമെന്ന് നേതാക്കൾ വ്യക്തമാക്കി.