ചേലക്കര: "കൃഷി നഷ്ടം വന്നു എന്നുള്ളതു കൊണ്ട് രാധാകൃഷ്ണനും കൂട്ടരും പിന്തിരിഞ്ഞിട്ടില്ല. ഇതാണ് യഥാർത്ഥ കൃഷിക്കാരുടെ സ്വഭാവം". മന്ത്രി കെ. രാധാകൃഷ്ണൻ്റെ വീട്ടിലെത്തിയ മുൻ മന്ത്രി തോമസ് ഐസക്ക് രാധാകൃഷ്ണൻ്റെ കൃഷിയിടം കണ്ട ശേഷം ഫേസ്ബുക്കിൽ കുറിച്ചു. കൃഷി ഒരു ഹരമായ മന്ത്രി രാധാകൃഷ്ണൻ കഴിഞ്ഞ തവണത്തെ കപ്പക്കൃഷിയിൽ നഷ്ടം വന്നിട്ടും ഇത്തവണയും ആവേശത്തോടെ കൃഷി ഇറക്കിയതിനെ അഭിനന്ദിച്ചായിരുന്നു ആ പോസ്റ്റ്.
ഇത്തവണ കപ്പ മാത്രമല്ല ചേനയും മഞ്ഞളും കുറ്റിപ്പയറുമെല്ലാമുണ്ട്. രാധാകൃഷ്ണനും സുഹൃത്തുക്കളും സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്താണ് കൃഷി ഇറക്കിയത്. എന്നാൽ വിളവെടുപ്പ് സമയത്ത് ലോക്ക് ഡൗണായതിനാൽ കിലോക്ക് എട്ട് രൂപ നിരക്കിൽ വിൽക്കേണ്ടി വന്നു. ബാക്കിയുള്ളത് ഉണക്ക് കപ്പയാക്കി.
കപ്പയ്ക്ക് മിനിമം പന്ത്രണ്ട് രൂപ വില നിശ്ചയിച്ചതാണ്. വാങ്ങാൻ ആളില്ലെങ്കിൽ പ്രാദേശിക സഹകരണ സംഘങ്ങൾ വാങ്ങി വിൽപ്പന നടത്തണം. സംഘത്തിന് നഷ്ടം വന്നാൽ അഞ്ചുലക്ഷം രൂപ വരെ പഞ്ചായത്തിൽ നിന്നും ലഭ്യമാക്കും. ഹോർട്ടികോർപ്പും സംഭരണരംഗത്തുണ്ട്. അവരുടെ നഷ്ടം സർക്കാർ നികത്തും എന്നതായിരുന്നു തീരുമാനം. എന്നാൽ ചേലക്കരയിൽ എന്തു സംഭവിച്ചുവെന്നത് പുതിയ കൃഷി മന്ത്രി അന്വേഷിക്കണം. പച്ചക്കറിയുടെ തറവില സ്കീം നടപ്പാക്കുന്നതിന് മുൻഗണന നൽകിയാൽ കൃഷിക്കാർ സ്വയം പച്ചക്കറി നട്ടോളും. മന്ത്രിയുടെ മണ്ഡലവികസന പരിപാടിയിൽ പ്രധാനപ്പെട്ട ഒരിനം കൃഷിയായതിനാൽ അടിയന്തരമായി പച്ചക്കറി തറവില നടപ്പിലാക്കാൻ മുൻകൈയെടുക്കണമെന്നും തോമസ് ഐസക് കുറിപ്പിൽ പറയുന്നു. മന്ത്രിയായതിന് ശേഷം തിരക്കുമൂലം കൃഷിയിടത്തിലെ പരിചരണക്കുറവ് ചൂണ്ടിക്കാണിക്കാനും തോമസ് ഐസക്ക് മറന്നില്ല.