council

തൃശൂർ: മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയ കോർപറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം. സർക്കാർ അംഗീകരിച്ച മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി മേയറെ വളഞ്ഞു. പ്രതിപക്ഷമായ കോൺഗ്രസിന്റെ 24 അംഗങ്ങൾ നോട്ടീസ് നൽകിയതനുസരിച്ചു വിളിച്ചൂകൂട്ടിയ യോഗത്തിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കു സംസാരിക്കാൻ അവസരം നൽകിയില്ല. ടൗൺ പ്ലാനർക്കു സംസാരിക്കാൻ അവസരം നൽകുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്ക് ഇറങ്ങിയത്. പിറകേ, ബിജെപി അംഗങ്ങളും നടുത്തലത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ നീക്കങ്ങളെ ചെറുക്കാൻ ഭരണപക്ഷമായ സിപിഎം, സിപിഐ അംഗങ്ങൾകൂടി രംഗത്തിറങ്ങി. ഇതോടെയാണ് സംഘർഷാവസ്ഥ സംജാതമായത്. ഇതിനിടെ മേയറെ സല്യൂട്ട് ചെയ്ത് പ്രതിപക്ഷാംഗങ്ങൾ പരിഹസിച്ചു. മേയർ ചിരിച്ചുകൊണ്ട് തിരിച്ചു പ്രതിപക്ഷാംഗങ്ങളെയും സല്യൂട്ട് ചെയ്തു. പോലീസ് മേയറെ സല്യൂട്ടു ചെയ്യുന്നില്ലെന്നു ഡിജിപിയോടു പരാതിപ്പെട്ടതിനെ പരിഹസിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സല്യൂട്ട് ചെയ്തത്. സർക്കാർ അംഗീകരിച്ച മാസ്റ്റർ പ്ലാനിൽ പോരായമകൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന് മേയർ ഉറപ്പു നൽകി. 47 വർഷമായി നടപ്പാക്കാൻ കഴിയാതിരുന്ന മാസ്റ്റർ പ്ലാൻ ആണ് മുൻമന്ത്രി എ.സി. മൊയ്തീൻ ഇടപെട്ട് അംഗീകരം നൽകിയതെന്നും മേയർ പറഞ്ഞു. എന്നാൽ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംവാദത്തിനും ചർച്ചയ്ക്കും തയാറുണ്ടോയെന്ന് സിപിഎമ്മിന്റെ വർഗീസ് കണ്ടംകുളത്തി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോൺ ഡാനിയേൽ, ലാലി ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മേയറെ വളഞ്ഞത്. ബിജെപിയിൽ നിന്ന് വിനോദ് പൊള്ളാഞ്ചേരി, പൂർണിമ സുരേഷ്, എൻ. പ്രസാദ് എന്നിവർ ചേർന്ന്‌നാണ് പ്രതിഷേധിച്ചത്. ഭരണപക്ഷത്തു നിന്ന് വർഗീസ് കണ്ടം കുളത്തി, പി. കെ. ഷാജൻ, അനൂപ് ഡേവിസ് കാട എന്നിവർ സംസാരിച്ചു. തുടർന്നു പത്തു മിനിറ്റ് പ്ലാനിങ് ഓഫീസർ സംസാരിച്ച ശേഷം പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞതോടെ പ്രതിപക്ഷം ശാന്തമായി.