covid

തൃശൂർ : കൂടുതൽ പ്രദേശങ്ങളിൽ ട്രിപ്പിൾ കണ്ടെയ്ൻമെന്റ് സോണുകളുമായി കൊവിഡ് നിയന്ത്രണ ചട്ടങ്ങളിൽ മാറ്റം വരുത്തി ജില്ലാ ഭരണകൂടം. 15 ശതമാനത്തിന് മുകളിൽ പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ സ്ഥലങ്ങളിലും ട്രിപ്പിൾ ലോക്ഡൗണാകും. കഴിഞ്ഞ ആഴ്ച വലപ്പാടും പുന്നയൂർക്കുളവുമായിരുന്നു ട്രിപ്പിൾ കണ്ടെയ്ൻമെന്റ് സോണിൽ. ഇത്തവണ 11 പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണവുമായി.

രണ്ടാഴ്ചയിലേറെയായി ട്രിപ്പിൾ ലോക് ഡൗൺ തുടരുന്ന വലപ്പാട് പഞ്ചായത്തിൽ ഇതുവരെയും ടി.പി.ആർ നിരക്ക് ഇരുപതിൽ താഴെയെത്തിയിട്ടില്ല. കൂടുതൽ ടി.പി.ആർ നിരക്കുള്ളതും ഇവിടെയാണ്. അതേസമയം ട്രിപ്പിൾ ലോക്ഡൗണിലായിരുന്ന പുന്നയൂർക്കുളത്ത് ടി.പി.ആർ നിരക്ക് കുറഞ്ഞ് ലോക്ഡൗണിലെത്തി. ട്രിപ്പിൾ ലോക്ഡൗണുള്ള പഞ്ചായത്തിൽ ഏറ്റവും കുറവ് അളഗപ്പനഗറിലാണ്. 15.03 ശതമാനമാണ് ടി.പി.ആർ നിരക്ക്. പത്ത് ശതമാനത്തിന് മുകളിൽ ടി.പി.ആർ നിരക്കുള്ള 37 പഞ്ചായത്തുകളിൽ ഇന്ന് മുതൽ ലോക്ഡൗൺ നിയന്ത്രണം തുടരും. 41 പഞ്ചായത്തുകളിൽ ഭാഗിക ലോക്ഡൗണും ഏർപ്പെടുത്തും. അഞ്ച് പഞ്ചായത്തുകളിൽ മാത്രമാണ് ഇളവുള്ളത്. അഞ്ച് ശതമാനത്തിൽ താഴെയാണ് ഈ പഞ്ചായത്തുകളിൽ ടി.പി.ആർ നിരക്ക്.

പോസിറ്റിവിറ്റി കൂടുതൽ തീരത്ത്

15 ശതമാനത്തിൽ കൂടുതൽ ടി.പി.ആർ നിരക്കുള്ള 11 പഞ്ചായത്തുകളിൽ അളഗപ്പനഗർ, പഴയന്നൂർ ഒഴികെ 9 എണ്ണവും തീരമേഖലയിലുള്ളവയാണ്. ഇതിൽ കൊടുങ്ങല്ലൂർ, ചാവക്കാട് മുനിസിപ്പാലിറ്റികളും ഉൾപ്പെടും.

ട്രിപ്പിൾ ലോക്ഡൗൺ 11

വലപ്പാട്
എങ്ങണ്ടിയൂർ
കയ്പ്പമംഗലം
എറിയാട്
കൊടുങ്ങല്ലൂർ
പഴയന്നൂർ
കടപ്പുറം
പുന്നയൂർ
ചാവക്കാട്
തളിക്കുളം
അളഗപ്പനഗർ

അഞ്ചിടത്ത് ഇളവുകൾ

എളവള്ളി
ഒരുമനയൂർ
നെന്മണിക്കര
കൊണ്ടാഴി
പാവറട്ടി