building
ചാലക്കുടി കോർട്ട് കോംപ്ലക്സ് കെട്ടിടർമ്മാണത്തിന് തുടക്കംകുറിച്ച് ബെന്നി ബെഹന്നാൻ എം.പി, തേങ്ങ ഉടയ്ക്കന്നു

ചാലക്കുടി: 10 കോടി രൂപ ചെലവിൽ ചാലക്കുടിയിൽ നിർമ്മിക്കുന്ന കോർട്ട് കേംപ്ലക്‌സിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചു. ബെന്നി ബെഹ്നാൻ എം.പി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ടി.ജെ സനീഷ്‌കുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ വി.ഒ പൈലപ്പൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.എസ് വിനയൻ, സെക്രട്ടറി പോളി മൂഞ്ഞേലി, പൊതുമരാമത്ത് വകുപ്പ് അസി.എക്‌സി.എൻജിനീയർ ബേസിൽ ചെറിയാൻ എന്നിവർ സംസാരിച്ചു.
അഞ്ചു നിലകളിൽ നാലായിരം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. മുൻ എം.എൽ.എ ബി.ഡി ദേവസിയാണ് ഇതിനായി എല്ലാ ശ്രമങ്ങളും നടത്തിയത്. എട്ട് നിലകളിലെ എസ്റ്റിമേറ്റാണ് ആദ്യം തയ്യാറാക്കിയതെങ്കിലും ഹൈക്കോടതി അനുമതി നിഷേധിച്ചതോടെ അഞ്ചു നിലകളിലാക്കി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയായിരുന്നു. 2020 നവംബർ 5ന് ഹൈക്കോടതി ജഡ്ജി ബസവ നാരായണ ഭട്ടി നിർമ്മാണോദ്ഘാടനവും നിർവ്വഹിച്ചു. പി.ഡബ്ല്യു.ഡി സ്‌പെഷ്യൽ ബിൽഡിംഗ് ഡിവിഷൻ തൃശൂരിന്റെ കീഴിൽ എറണാകുളത്തെ പ്രതിഭ ഡവലപ്പേഴ്‌സ് നിർമ്മിക്കുന്ന കെട്ടിടം ഒന്നര വർഷത്തിനകം പൂർത്തിയാകും. താത്ക്കാലികമായി മുനിസിപ്പൽ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ചാലക്കുടി മുൻസിഫ് കോടതി എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ചാലക്കുടിയിൽ സിറ്റിംഗ് നടത്തുന്ന കുടുംബ കോടതി, എം.എ.സി.ടി കോടതിയും കോർട്ട് കേപ്ലക്‌സിലാകും.