prakashanandha

ശ്രീ നാരായണ ഗുരുദേവനിൽ സമർപ്പിതമായ ജീവിതം നയിച്ച മഹാനുഭാവനായിരുന്നു സ്വാമി പ്രകാശാനന്ദ. യുവാവായിരിക്കെ 24ാം വയസിൽ ശിവഗിരിയിലെത്തിയ സ്വാമി, ശിവഗിരിയിലെ അവസാന മഠാധിപതിയായ സ്വാമി ശങ്കരാനന്ദയിൽ നിന്നുമാണ് സന്യാസ ദീക്ഷ സ്വീകരിച്ചത്.

സ്വാമികൾ ഒരു അവധൂതനും സത്യാന്വേഷിയുമായി ഭാരതമൊട്ടാകെ സഞ്ചരിച്ചു. കാൽനടയായി ഭാരതത്തിലെ പുണ്യധാമങ്ങളിലും ആശ്രമ കേന്ദ്രങ്ങളിലും സന്ദർശനം നടത്തി. നിരവധി മഹാപുരുഷന്മാരുമായി ബന്ധപ്പെട്ടു.

അതിൽ നിന്നും പകർന്നു കിട്ടിയ ഊർജ്ജം സ്വാമിയുടെ ചൈതന്യവും ശക്തിയുമായി. തുടർന്ന് പണ്ഡിത ശീർഷന്മാരായ സ്വാമിമാരായ ജഗദീശ്വരാനന്ദ, വിദ്യാനന്ദ, ശ്രീനാരായണ തീർത്ഥർ എന്നിവരിൽ നിന്നും ശ്രീനാരായണ ഗുരുദേവ കൃതികളെയും ഗുരുവിന്റെ തത്ത്വദർശനത്തെയും സ്വായത്തമാക്കി.

ചെമ്പഴന്തി, അരുവിപ്പുറം എന്നിവിടങ്ങളിൽ ആശ്രമ സെക്രട്ടറിയായി. ഗുരുദേവന്റെ മഹാസങ്കൽപമായ മത മഹാപാഠശാല അഥവാ സർവ മത മഹാപാഠശാല ആരംഭിക്കുന്നത് സ്വാമി ധർമ്മസംഘം ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ്.

മത മഹാപാഠശാലയിൽ പഠിച്ച് സന്യാസം സ്വീകരിച്ചവരാണ് ഇന്നത്തെ ശിവഗിരി സന്യാസിമാർ. 1979 മുതൽ പത്തു വർഷം ധർമ്മസംഘം ജനറൽ സെക്രട്ടറിയായി. 1977 ൽ ഗുരുദേവന്റെ 50 ാമത് മഹാസമാധി പ്രമാണിച്ച് ഒരു വർഷം നീണ്ടുനിന്ന അന്തർദേശീയ ശ്രീ നാരായണ വർഷാചരണത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. ഗുരുദേവ സന്ദേശം ഇന്ത്യയ്ക്കകത്തും പുറത്തുമായി പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചിരുന്നു പ്രകാശാനന്ദ.

2006 മുതൽ 2016 വരെ ധർമ്മസംഘം പ്രസിഡന്റായിരുന്ന സ്വാമികൾ ശിവഗിരി തീർത്ഥാടനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം, 2012ൽ ശാരദാ പ്രതിഷ്ഠ ശതാബ്ദി ആഘോഷം, 2014ൽ ദൈവദശക ശതാബ്ദി ആഘോഷം എന്നിവയുടെ പ്രസിഡന്റായിരുന്നു. സംഘാടക സെക്രട്ടറി എന്ന നിലയിലും ഗുരുദേവ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നതിൽ ഒരു വർഷം വീതം നീണ്ടുനിന്ന ഈ പരിപാടികൾ സഹായകമായി. സ്വാമി വലിയ പ്രഭാഷകനോ ഗ്രന്ഥകാരനോ ആയിരുന്നില്ല. എന്നാൽ ത്യാഗനിഷ്ഠ, തപോനിരതമായ ജീവിതം, ഗുരുദേവ ഭക്തി, മഹാനുഭാവനായ സന്യാസിവര്യൻ എന്ന നിലയിൽ പ്രകാശം പരത്തി. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സംഭവബഹുലമായ അദ്ധ്യായം ചമച്ച ശ്രീനാരായണ ഗുരു ദേവ പ്രശിഷ്യനായിരിക്കും ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമി.

സച്ചിദാനന്ദ സ്വാമി

(സെക്രട്ടറി, ഗുരുധർമ്മ പ്രചരണ സഭ, ശിവഗിരി മഠം, വർക്കല)