തൃശൂർ : അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ട് കോടി രൂപ വിലവരുന്ന ഹാഷിഷ് തൃശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തൃശൂർ വലിയാലുക്കലിൽ ഒന്നര കിലോഗ്രാം വരുന്ന മാരക മയക്കുമരുന്ന് പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് തൃശൂർ നെടുപുഴ തയ്യിൽ ജിനോയ് (24 ), എറണാകുളം ഇല്ലത്തുപടി ദേശത്ത് എടക്കൂട്ടത്തിൽ സൽമാൻ ഫാരിഷ് (23) എന്നിവരുടെ പേരിൽ കേസെടുത്തു.
കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ മയക്കുമരുന്നു സംഘത്തിലെ വിതരണ ശൃംഖലയിൽപെട്ട മലയാളികളായ ചെറുപ്പക്കാർ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി എക്‌സൈസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കാത്തു നിന്ന ഉദ്യോഗസ്ഥ സംഘത്തെ മറികടന്ന് ന്യൂജനറേഷൻ ബൈക്കിൽ പാഞ്ഞ വിതരണ സംഘത്തിലെ അംഗങ്ങളെ നെടുപുഴ പൊലീസിന്റെ സഹായത്തോടെ സി. സി. ടി. വി ദ്യശ്യം പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. പിടികൂടുമെന്നായപ്പോൾ സംഘം മയക്കുമരുന്ന് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ പഠനാവശ്യത്തിനായി പോകുന്ന മലയാളി വിദ്യാർത്ഥികളെ മയക്കുമരുന്നു മാഫിയ കടത്തുകാരായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പ്രതികൾ മുൻപും പലതവണ ഇത്തരത്തിൽ മയക്കുമരുന്ന് ആവശ്യക്കാർക്കെത്തിച്ചു കൊടുത്തിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. കേസെടുത്ത സംഘത്തിൽ പ്രീവന്റീവ് ഓഫീസർമാരായ അനു കുമാർ, സുരേഷ് കുമാർ, രാജേഷ്, ഡിക്‌സൻ, രഞ്ജിത്ത്, സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.