മാള: ഗാർഹിക പീഡനം,​ ദാമ്പത്യ ജീവിതം, കൊവിഡ് അടച്ചടലിന്റെ മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് മാള പഞ്ചായത്ത് സഹായ കേന്ദ്രത്തിന്റെ കൈത്താങ്ങ്. ഓൺലൈൻ സംവിധാനത്തിലൂടെ കൗൺസിലിംഗ്, ബോധവത്കരണ ക്ലാസുകൾ എന്നിവയാണ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്.

കൊവിഡും നിയമവും,​ പഠന പ്രശ്‌നങ്ങൾ,​ മുൻകരുതലുകൾ,​ ജാഗ്രത തുടങ്ങിയ എല്ലാ മേഖലകളിലും ക്ലാസുകൾ സംഘടിപ്പിക്കും. ഇതിനായി മിനി സ്റ്റുഡിയോയും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് തത്സമയം ക്ലാസുകൾ നടക്കുന്നത്. ഡോക്ടർമാർ, അദ്ധ്യാപകർ, നിയമ വിദഗ്ദ്ധർ, കൗൺസിലർമാർ തുടങ്ങിവരാണ് ക്ലാസെടുക്കുന്നത്.

സമൂഹ മാദ്ധ്യമങ്ങളിലൂടെ ക്ലാസുകൾ തത്സമയം ജനങ്ങളിലെത്തിക്കും. ക്ലാസിലെ പ്രസക്തമായ സംശയങ്ങൾക്ക് മറുപടി നൽകും. കേന്ദ്രത്തിൽ അഞ്ച് പേരും കൗൺസിലിംഗ് നൽകുന്നതിനായി പത്ത് പേരും സേവനം ചെയ്യുന്നുണ്ട്. കൂടാതെ മുഴുവൻ സമയ ആംബുലൻസ് സേവനവും നൽകുന്നുണ്ട്. രോഗികളെ കുറിച്ചുള്ള അന്വേഷണവും അവരുടെ ആവശ്യങ്ങൾ കേൾക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ഈ സന്നദ്ധ സേന വേറിട്ട മാതൃകയാണ്. ആർ.ആർ.ടി വളണ്ടിയർമാരാണ് നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത്.