തൃശൂർ: ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ ചൂണ്ടൽകുന്നിലെ ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിർമാണം പുനരാരംഭിച്ചു. പഞ്ചായത്തിലെ ഗ്യാസ് ക്രിമറ്റോറിയത്തോട് ചേർന്ന് കിടക്കുന്ന ഒരേക്കറിലേറെ വരുന്ന സ്ഥലത്താണ് ജൈവ വൈവിദ്ധ്യ ഉദ്യാനം സജ്ജമാക്കുന്നത്. ഉദ്യാനത്തിന്റെ ആദ്യഘട്ടത്തിന്റെ നിർമാണമാണ് പുനരാരംഭിച്ചത്. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തും ചൂണ്ടൽ പഞ്ചായത്തുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ലൈബ്രറി, പരിശീലന ഹാൾ, നക്ഷത്ര നിരീക്ഷണ ടവർ, കുട്ടികളുടെ പാർക്ക്, വിശാലമായ കുളം എന്നിവയടങ്ങുന്നതാണ് ജൈവ വൈവിദ്ധ്യ ഉദ്യാനം. നിർമാണ പ്രവർത്തിയുടെ ആദ്യഘട്ടമായി 25 ലക്ഷം ചെലവഴിച്ച് ലൈബ്രറി, പരിശീലനഹാൾ, ശൗചാലയ സമുച്ചയം, കുളം എന്നിവയുടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.
പരിശീലന ഹാളിന്റെ തറ നിർമാണ പ്രവർത്തിയാണ് ഇപ്പോൾ തുടങ്ങിയിട്ടുള്ളത്. പ്രവർത്തികൾ ആറ് മാസം കൊണ്ട് പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പട്ടികജാതി വികസന ഫണ്ടിൽ നിന്നും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപയും ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപയും ചെലവഴിച്ചാണ് ആദ്യഘട്ടം പൂർത്തീകരിക്കുക. തൃശൂർ കോസ്റ്റ് ഫോർഡിനാണ് നിർമാണ ചുമതല. കോസ്റ്റ് ഫോഡ് സീനിയർ പ്രോജക്ട് ഡയറക്ടർ ടി.കെ സ്‌കന്ദകുമാർ, സൈറ്റ് എൻജിനീയർ പ്രണവ് എന്നിവരുടെ നേതൃത്വത്തിൽ നിർമാണ പുരോഗതി വിലയിരുത്തി. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, പഞ്ചായത്ത് അംഗം എൻ.എസ് ജിഷ്ണു, പഞ്ചായത്ത് പ്ലാൻ ഫെസിലിറ്റേറർ വത്സൻ പാറന്നൂർ എന്നിവരും കോസ്റ്റ് ഫോർഡ് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിച്ചു. ഈ സാമ്പത്തിക വർഷം ഉദ്യാനത്തിന്റെ നിർമാണം പൂർത്തിയാക്കുന്ന വിധത്തിലാണ് പഞ്ചായത്തും കോസ്റ്റ് ഫോർഡും ക്രമീകരണങ്ങൾ നടത്തിയത്.