കൊടുങ്ങല്ലൂർ: ടി.പി.ആർ നിരക്ക് ഉയർന്നത്തേടെ കൊടുങ്ങല്ലൂർ നഗരസഭയെയും എറിയാട് പഞ്ചായത്തിനെയും ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇതോടെ ഇരു പ്രദേശങ്ങളും ഇന്നലെ മുതൽ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണത്തിലായി.
കൊടുങ്ങലൂരിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ബസുകൾ സർവീസ് നടത്തിയില്ല. ഓട്ടോ, ടാക്‌സി എന്നിവയും ഓടിയില്ല. വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. ടി.പി.ആർ നിരക്ക് നിയന്ത്രണ വിധേയമാകുന്നതുവരെ ആവശ്യവസ്തുക്കൾ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണെമെന്ന് നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ ആവശ്യപ്പെട്ടു.
എറിയാട് പഞ്ചായത്തിൽ അടിയന്തര ആവശ്യങ്ങൾക്കല്ലാത്ത യാത്രകൾ അനുവദിക്കില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററും അടച്ചുപൂട്ടി. മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. പലചരക്ക്, പച്ചക്കറി, പഴം, പാൽ, ബേക്കറി കടകൾ ദിവസവും രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം.