car
തീയണക്കുന്ന റോബോർട്ട് കാർ നിർമ്മിച്ച് മെക്കാനിക്കൽ എഞ്ചീനിയറിംഗ് വിദ്യാർത്ഥികൾ.

ചേർപ്പ്: അഗ്‌നിബാധ മൂലമുണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം ഏങ്ങനെ വേഗത്തിലാക്കാം എന്ന് ലക്ഷ്യമിട്ട് മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾ ഉണ്ടാക്കിയ റോബോട്ട് കാർ ശ്രദ്ധേയമാകുന്നു. കേച്ചേരി വിദ്യ എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ ബിടെക്ക് മെക്കാനിക്കൽ വിദ്യാർത്ഥികളായ ചേർപ്പ് സ്വദേശി പി.ബി റമീസ്, പഴുവിൽ സ്വദേശി പി.എം നിഹാൽ, ചാഴൂർ സ്വദേശി നിഖിൽ പ്രേംലാൽ, കടങ്ങോട് സ്വദേശി എ.എസ് മിദ്‌ലാജ് എന്നിവരാണ് റോബോട്ട് കാർ രൂപപ്പെടുത്തിയത്.

സാങ്കേതിക സർവകലാശാലയുടെ അവസാന വർഷ പ്രൊജക്ടിന്റെ ഭാഗമായാണ് റോബോട്ട് തയ്യാറാക്കിയത്. കാട്ടു തീ ഉണ്ടാകുന്ന സമയത്തും,​ ഷോപ്പിങ്ങ് മാളുകൾ, കെട്ടിടങ്ങൾ എന്നിവടങ്ങളിലും തീയണക്കാൻ റോബോട്ട് പ്രയോജനപ്പെടുത്താമെന്ന് വിദ്യാർത്ഥികൾ പറയുന്നു.

തീപിടുത്തം ഉണ്ടായാൽ കാറിന്റെ മാതൃകയിൽ സഞ്ചരിക്കുന്ന റോബോട്ട് തീയുള്ള ഭാഗത്തേക്ക് സഞ്ചരിച്ച് വെള്ളം സ്‌പ്രേ ചെയ്യും. ആറ് വാട്ടിന്റെ ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ചാണ് യന്ത്രത്തിന്റെ ടയറുകൾ പ്രവർത്തിക്കുന്നത്. ബ്ലൂടൂത്തിലൂടെ മൊബൈൽ ആപ്പ് വഴിയാണ് നിയന്ത്രണം. ജി.ഐ ഷീറ്റുകൾ, വിവിധ തരം സ്റ്റീൽ അലുമിനിയം പൈപ്പുകൾ, റബർ ടയറുകൾ, അലുമിനിയം, റാസ്ബറി, തെർമോ റിഫ്ളക്ടർ എന്നിവ ഉപയോഗിച്ചാണ് റോബോട്ട് നിർമ്മച്ചിരിക്കുന്നത്. തീ പടരുമ്പോൾ ചൂട് കാറിന്റെ ഉള്ളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആറ് മാസത്തോളം നിർമ്മാണത്തിനായി ചെലവഴിച്ചുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കോളേജിലെ മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. എൻ. രാമചന്ദ്രന്റെ നേതൃത്വത്തിൽ അദ്ധ്യാപകരായ അരുൺ ലോഹിതാക്ഷൻ, രഞ്ജിത്ത് രാജ് എന്നിവരാണ് പ്രൊജക്ട് ഗൈഡ് ചെയ്തത്. കേരള ഫയർ ആന്റ് റെസ്‌ക്യു അക്കാഡമിക്കിന് വിശദമായ റിപ്പോർട്ട് നൽകി ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം നാട്ടിലെ ഫയർ സ്‌റ്റേഷനിലേക്ക് യന്ത്രം കൈമാറാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.