ചാവക്കാട്: മണത്തല ജുമാഅത്ത് പള്ളിയോട് ചേർന്നുള്ള ഹൈദ്രോസ്‌കുട്ടി മൂപ്പന്റെ ജാറം കെട്ടിടം നിർമ്മാണത്തിനിടെ മേൽക്കൂരയിലെ വാർപ്പ് തകർന്ന് വീണ് കരാറുകാരനും മൂന്ന് തൊഴിലാളികൾക്കും പരിക്കേറ്റു. ജാറത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാർപ്പിനിടെയാണ് തകർന്ന് വീണത്. വാർപ്പ് തൊഴിലാളികളായ ശിവരാജൻ(38), മുജീബ്(27), ഇർഷാദ് മാലിഖ്(32), കരാറുകാരനായ ബാബു(47) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് ഗുരുവായൂർ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരും എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരും ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാറത്തിന്റെ മുകളിലെ വാർപ്പ് നിർമ്മാണം അവസാന ഘട്ടത്തിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 3.30 മണിയോടെയാണ് അപകടം. ആകെ 16 പേരാണ് നിർമ്മാണ ജോലിയിലുണ്ടായിരുന്നത്. മുകളിലുണ്ടായിരുന്ന നാല് പേർക്കാണ് അപകടം സംഭവിച്ചത്. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. വിവരമറിഞ്ഞ് ചാവക്കാട് പൊലീസ് സ്ഥലത്തെത്തി.