പാവറട്ടി: പെരുവല്ലൂർ പരപ്പുഴപാലം നിർമ്മാണ പ്രവർത്തനങ്ങൾ ധ്രുതഗതിയിലാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മുരളി പെരുനെല്ലി എം.എൽ.എ പറഞ്ഞു. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമല-പൂവ്വത്തൂർ റോഡിലാണ് പരപ്പുഴപാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന്റെ സമാന്തര റോഡ് പൊളിച്ചത് ജനജീവിതത്തെ ഏറെ ബാധിച്ചിരുന്നു. അന്നകര, പേനകം ഭാഗത്തു നിന്നു വരുന്നവർക്ക് പെരുവല്ലൂരിലേക്ക് എത്താൻ സാധ്യമായിരുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും നടപ്പാലം അടിയന്തരമായി നിർമ്മിക്കാൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
വെള്ളപ്പൊക്കം ഉണ്ടാകാത്ത രീതിയിൽ നിലവിലുള്ള തോടിനു നടുവിൽ രണ്ട് താൽകാലിക ബണ്ട് നിർമ്മിച്ച് ആളുകൾക്ക് നടന്നുപോകാവുന്ന സ്റ്റീൽ നടപ്പാത നിർമ്മിക്കും. ഇതിന്റെ നിർമ്മാണം ജൂലായ് മാസത്തിൽ പൂർത്തിയാകും. നിർത്തിവെച്ച പാലത്തിന്റെ പണിയും പുനരാരംഭിക്കും. 3.87 കോടി രൂപയാണ് പാലത്തിന് അനുവദിച്ചിട്ടുള്ളത്. ഒരു വർഷമാണ് നിർമ്മാണ കാലാവധി. പരപ്പുഴപാലം നിർമ്മാണം സംബന്ധിച്ച് മുരളി പെരുനെല്ലി എം.എൽ.എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഈ തീരുമാനങ്ങൾ. ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്ന അന്നകര-കോക്കൂർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനാവശ്യമായ നടപടികൾ പഞ്ചായത്തുകൾ കൈകൊള്ളണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
യോഗത്തിൽ ചാവക്കാട് തഹസിൽദാർ സി.എസ് രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ശ്രീദേവി ജയരാജൻ, ജിയോഫോക്‌സ്, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സത്യൻ, ശിൽപ ഷിജു, ഗ്രാമ പഞ്ചായത്തംഗം സുനീതി അരുൺകുമാർ, പാവറട്ടി എസ്.ഐ ആർ.പി സുജിത്ത്, എ.എസ്.ഐ ഗിരീഷ്, പൊതുമരാമത്ത് പാലം വിഭാഗം അസി.എക്‌സി.എൻഞ്ചിനീയർ ടി.ആർ ജിതിൻ, സൈറ്റ് എൻജിനീയർ മെഹ്ത്താബ് എന്നിവർ പങ്കെടുത്തു.