congress

തൃശൂർ: ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് എത്താനുള്ള ചരടുവലികൾ ശക്തമാകുന്നു. ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പ് പരിഗണന ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും ഒരോ ഗ്രൂപ്പിൽ നിന്നും നിരവധി പേരെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഉയർത്തി കാട്ടുന്നത്. അടുത്തിടെ മാത്രം നിയമിച്ച നിലവിലെ പ്രസിഡന്റ് എം.പി വിൻസന്റിനെ മാറ്റില്ലെന്ന് പറയപ്പെട്ടിരുന്നെങ്കിലും മുഴുവൻ ഡി.സി.സി പ്രസിഡന്റുമാരെയും മാറ്റാനുള്ള തീരുമാനം വന്നതോടെ സ്ഥാനമോഹികൾ രംഗ പ്രവേശം ചെയ്യുകയായിരുന്നു. മുതിർന്ന നേതാക്കൾക്ക് ഒപ്പം യുവനേതാക്കളും കച്ചമുറുക്കി രംഗത്തുണ്ട്.

ഒരു ഡസനിലേറെ പേരാണ് പ്രതീക്ഷയോടെ നിൽക്കുന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാലിനോട് കെ. സുധാകരൻ ഡി.സി.സി പ്രസിഡന്റാകാൻ ആവശ്യം ഉന്നയിച്ചെങ്കിലും അവർ നിരസിച്ചതായാണ് അറിവ്. അതിനാൽ പത്മജ നിർദ്ദേശിക്കുന്ന പേരിന് മുൻതൂക്കം ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും പറയപ്പെടുന്നു. മുൻ എം.എൽ.എമാരായ ടി.യു. രാധാകൃഷ്ണൻ, ടി.വി. ചന്ദ്രമോഹൻ, അനിൽ അക്കര എന്നിവർക്ക് പുറമേ ജോസ് വള്ളൂർ, ഷാജി കോടങ്കണ്ടത്ത്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, യു.ഡി.എഫ് ചെയർമാർ ജോസഫ് ചാലിശേരി, സി.എസ്. ശ്രീനിവാസൻ തുടങ്ങി നിരവധി പേരുകൾ ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. അതേ സമയം തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പരാജയപ്പെട്ടവരെ പരിഗണിച്ചേക്കില്ലെന്ന വാർത്തകളും പുറത്ത് വരുന്നു. നിലവിൽ ഒരു സ്ഥാനം ഉള്ളവർക്ക് രണ്ടാമതൊരു സ്ഥാനം നൽകേണ്ടതില്ലെന്നും ധാരണ ഉണ്ടെന്ന് അറിയുന്നു.

.....

പരിഗണനയിൽ ടി.യു. രാധാകൃഷ്ണനും ടി.വി. ചന്ദ്രമോഹനും അനിൽ അക്കരയും

നിലവിൽ ടി.യു. രാധകൃഷ്ണൻ, ടി.വി. ചന്ദ്രമോഹൻ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. പതിറ്റാണ്ടുകളായി ജില്ലയിലെ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ ഇരുവർക്കും രാഷ്ട്രീയത്തിനുപരിയായി ഏറെ വ്യക്തിബന്ധങ്ങളുണ്ട്. ഗ്രൂപ്പുകൾ ഉണ്ടെങ്കിലും കഴിഞ്ഞ കുറെ കാലങ്ങളായി പ്രകടമായ ഗ്രൂപ്പ് പ്രവർത്തനത്തിൽ ഇവർ ഇടപെടുന്നില്ലായെന്നതും ഇവരുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. യുവനേതൃത്വം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അങ്ങനെ വന്നാൽ അനിൽ അക്കരയ്ക്കാണ് സാദ്ധ്യത കൂടുതൽ. വടക്കാഞ്ചേരിയിലെ തോൽവിയോടെ ഇനി മത്സരരംഗത്തേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച അനിൽ അക്കരയ്ക്ക് വേണ്ടിയുള്ള വാദങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഡി.സി.സി പ്രസിഡന്റ് നിയമനത്തിൽ ആരുടെയും കൈക്കടത്തൽ അനുവദിക്കില്ലെന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുള്ളത്.

...............

സമൂഹമാദ്ധ്യമങ്ങളിലൂടെ സമർദ്ദം

അണികളുടെ ഗ്രൂപ്പ് വീതംവെപ്പായിരിക്കില്ല ഡി.ഡി.സി പ്രസിഡന്റ് സ്ഥാനം നിർണയിക്കുകയെന്ന് പറയുമ്പോഴും സമൂഹ മാദ്ധ്യമങ്ങളിലൂടെ നേതാക്കൾക്ക് വേണ്ടി അണികൾ സമ്മർദ്ദം ഉയർത്തുന്നുണ്ട്. ഫേസ് ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടെയാണ് ആവശ്യം ഉയർത്തുന്നത്.