ചാലക്കുടി: പൂലാനിയിലെ മൂന്ന്, അഞ്ച് വാർഡുകളെ കാർന്നുതിന്നുന്ന ആഫ്രിക്കൻ ഒച്ചുകൾ മേലൂർ പഞ്ചായത്തിന്റെ മറ്റിടങ്ങിലേക്കും ഇഴഞ്ഞെത്തുന്നു. ജനങ്ങൾക്കും കാർഷിക മേഖലയ്ക്കും ഭീഷണിയായ ഒച്ചിൻകൂട്ടം ഇതിനകം കൊമ്പിച്ചാൽ പ്രദേശംവരെ എത്തിക്കഴിഞ്ഞു. വാഴകളെ തിന്നുതീർത്താണ് ഇവയുടെ തേരോട്ടം. പ്രളയത്തിന് ശേഷം ബിയർ കമ്പനി പരിസരത്തായിരുന്നു ആദ്യം കാണപ്പെട്ടത്. ആഴ്ചകൾക്കം മറ്റിടങ്ങളിലേക്കും എത്തപ്പെട്ടു. മാസങ്ങൾ പിന്നിടുമ്പോൾ എണ്ണം പതിനായിരത്തിലധികമായി. ഇപ്പോൾ ലക്ഷങ്ങൾ കടന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പറമ്പായ പറമ്പുകളെല്ലാം ഒച്ചുകൾ ആധിപത്യം ഉറപ്പിച്ചു. തെങ്ങുകളിലും കവുങ്ങുകളിലും തലവരെ കയറിയും ആക്രമണം നടത്തും. ജാതിപ്പത്രികളും തിന്നുന്നുണ്ടെന്ന കർഷകരുടെ വെളിപ്പെടുത്തൽ സംഭവത്തിന്റെ ഗൗരവം എടുത്തു കാട്ടുന്നു. ഉപ്പിട്ട് ഒച്ചുകളെ വകരുത്തലാണ് ആകെ നടക്കുന്ന പ്രതിരോധ പ്രവർത്തനം. നൂറുകണക്കിന് വീട്ടുകാർ ദിനംപ്രതി ഉപ്പു വിതറൽ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ ഉപ്പ് പ്രയോഗം ശാസ്ത്രീയ രീതിയല്ലെന്ന് കൃഷി വകുപ്പ് പറയുന്നു. അമിതമായ ഉപ്പിന്റെ പ്രയോഗം മണ്ണിന് ദോഷമാണ്. സൂക്ഷ്മാണുക്കൾ ചത്തുപോകുന്നതിനും സസ്യങ്ങളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനും ഉപ്പ് ഇടവരുത്തുമെന്ന് കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. ആഫ്രിക്കൻ ഒച്ചുകൾ നിമാവിരകളും ബാക്ടീരിയകളും ഒരുമിച്ച് കുടികൊള്ളുന്ന വിഷജീവി കൂടിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഒന്നരവർഷം മുമ്പ് പഞ്ചായത്ത് തുരിശ് ലായനി തെളിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഒച്ചിന്റെ യുദ്ധ പ്രഖ്യാനത്തിൽ അതൊന്നും വിലപ്പോയില്ല. കർഷകർക്ക് തീരാദുരിതമായി മാറിയ ഒച്ചുകളെ നശിപ്പിക്കാൻ പുതിയ കൃഷി മന്ത്രിക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
1955 ൽ പാലക്കാട് നിന്നും എത്തി
ആഫ്രിക്കയിൽ നിന്നും 1955ൽ പാലക്കാട് എത്തപ്പെട്ടു. പത്തുവർഷമാണ് ശരാശരി ആയുസ്. ഒരെണ്ണത്തിൽ തൊള്ളായിരത്തോളം മുട്ടകളുണ്ടാകും. ഏറ്റവും വലിപ്പമുള്ളവയ്ക്ക് ഒരുകിലോ തൂക്കം. ആൺപെൺ അവയവങ്ങൾ ഒരെണ്ണത്തിൽ അടങ്ങുന്ന ഉഭയ ലിംഗ ജീവി. പ്രത്യുൽപ്പാദനത്തിന് ഇത് ഏറ്റവും അനുകൂല ഘടകം. അധിനിവേശ ജീവിയായതിനാൽ ഇന്ത്യയിൽ ശത്രു ജീവികളില്ല. ഇവയെ വകവരുത്തുന്നത് ചെമ്പോത്തും താറാവും മാത്രം. എന്നാൽ ആറുമാസം വരെയുള്ള കുഞ്ഞുങ്ങളെയാണ് ഇവ ഇരയാക്കാറുള്ളു.
ബാക്ടീരിയ വിവിധ രോഗങ്ങൾ പരത്തും
സ്രവത്തിൽ അടങ്ങിയ ബാക്ടീരിയ വിവിധ രോഗങ്ങൾ പരത്തും. ശരീരത്തിലെ നിമാ വിരകൾ മസ്തിഷ്‌ക ജ്വരവും മരണവുമുണ്ടാക്കും. അഞ്ഞൂറോളം കാർഷിക വിളകളെ ആക്രമിക്കും.
തുരിശുലായനി തെളിയിക്കൽ മികച്ച പ്രതിരോധം. ചത്തവയുടെ തോട്് കുമ്മായം ചേർത്ത് കുഴിച്ചിട്ടാൽ തെങ്ങിന് ഒന്നാന്തരം വളം. നനഞ്ഞ ചണച്ചാക്കിൽ പപ്പായയുടെ ഇല, കാബേജ് എന്നിവ നുറുക്കിയിട്ടാൽ നേരം പലരുമ്പോൾ നൂറുകണക്കിന് ഒച്ചുകളെ ഇവിടെ കാണാം. കൈയുറ ഉപയോഗിച്ച് ഇവയെ നശിപ്പിക്കാം. ഗോതമ്പ് മാവ്, ശർക്കര, ഈസ്റ്റ്, തുരിശ് എന്നിവ കുഴച്ച് ചാക്കിലിട്ടാലും ഇതുതിന്നാൽ കൂട്ടത്തോടെ എത്തുകയും ചാവുകയും ചെയ്യും. വേനൽക്കാലത്ത് മണ്ണിനടിയിൽ ഒളിച്ചിരിക്കുന്നതിനാൽ മൂന്നുവർഷത്തെ കർമ്മ പരിപാടികൾ ആവശ്യം.
-ഗവാസ് രാകേഷ് (ശാസ്ത്രജ്ഞൻ, വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ)
ഇങ്ങനെപോയാൽ മേലൂർ പഞ്ചായത്ത്് മനുഷ്യവാസത്തിന് കഴിയാത്ത ഇടമായി മാറും.
-മധുസൂദനൻ (പരിസരവാസി)
പറമ്പുകൾ നിറയെ ഒച്ചുകളുടെ പുറന്തോടിനാൽ നിറഞ്ഞിരിക്കുകയാണ്. ഇതുകൊണ്ട് മുറിവേറ്റാൽ ശരീരത്തിൽ അലർജിയുണ്ടാകും.
-വെള്ളാപ്പിള്ളി വിനോദ് (കർഷകൻ)