മാള: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ഭാഗമായി വെണ്ണൂർത്തുറ നീർത്തട നവീകരണത്തിന് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചപ്പോൾ ഡിവിഷൻ മെമ്പറെ അറിയിച്ചില്ലെന്ന് ആക്ഷേപം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന നവീകരണ പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കളക്ടർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചപ്പോഴും യോഗം നടത്തിയപ്പോഴും പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽനാഥിനെ അറിയിച്ചില്ലെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. ഇവർ ഒഴികെയുള്ള നിരവധി ജനപ്രതിനിധികൾ സന്ദർശനത്തിലും യോഗത്തിലും പങ്കെടുത്തിരുന്നു. രാഷ്ട്രീയ പ്രേരിതമായി മാറ്റിനിറുത്തുന്നത് ചടങ്ങായി മാറിയെന്നും അവർ ആരോപിച്ചു.