robort-

തീ അണക്കുന്ന റോബോട്ടുമായി വിദ്യാ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ

കുന്നംകുളം: അഗ്‌നിബാധമൂലമുണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള റോബോട്ട് കാർ വികസിപ്പിച്ചിരിക്കുകയാണ് തലക്കോട്ടുക്കര വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ. മനുഷ്യന് നേരിട്ടെത്താൻ സാധിക്കാത്ത സ്ഥലത്തേക്ക് പോലും ഈ റോബോട്ട് കാർ രക്ഷാപ്രവർത്തനവുമായി എത്തും. കാറിന്റെ മാതൃകയിൽ സഞ്ചരിക്കുന്ന ഈ റോബോട്ട് തീയുള്ള ഭാഗത്തേക്ക് സഞ്ചരിച്ച് വെള്ളം സ്‌പ്രേ ചെയ്ത് തീ അണക്കും. മൊബൈൽ ആപ്പ് വഴി റോബോട്ട് കാറിന്റെ ചലനവും നിയന്ത്രിക്കാം. കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജിലെ അവസാനവർഷ ബി ടെക്ക് മെക്കാനിക്കൽ വിദ്യാർത്ഥികളായ ചേർപ്പ് സ്വദേശി റമീസ് പി.ബി, പഴുവിൽ സ്വദേശി പി.എം നിഹാൽ, ചാഴൂർ സ്വദേശി നിഖിൽ പ്രേംലാൽ, കടങ്ങോട് സ്വദേശി മിദ്‌ലാജ് എ.എസ് എന്നിവരാണ് റോബോട്ട് കാറിന്റെ ശിൽപികൾ. സാങ്കേതിക സർവ്വകലാശാലയുടെ അവസാനവർഷ ബിടെക്ക് പ്രൊജ്ര്രകിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഈ റോബോട്ട് വികസിപ്പിച്ചത്. കാട്ടുതീ ഉണ്ടാകുന്ന സമയത്തും ഷോപ്പിംഗ് മാളുകൾ, കെട്ടിടങ്ങൾ എന്നിവിടങ്ങളിലും തീയണക്കാൻ റോബോട്ട് കാർ പ്രയോജനപ്പെടുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മോട്ടോറുകൾ ഉപയോഗിച്ചാണ് റോബോട്ടിന്റെ ടയറുകൾ പ്രവർത്തിക്കുന്നത്. ബാറ്ററി ഉപയോഗിച്ചാണ് മോട്ടോറുകൾ പ്രവർത്തിക്കുന്നത്. കോളേജിലെ മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. എൻ. രാമചന്ദ്രന്റെ നേതൃത്വത്തിൽ അദ്ധ്യാപകരായ അരുൺ ലോഹിതാക്ഷൻ, രജ്ഞിത്ത്‌രാജ് എന്നിവരാണ് പ്രൊജക്ട് ഗൈഡ് ചെയ്തത്. കേരള ഫയർ ആന്റ് റെസ്‌ക്യു അക്കാഡമിക്ക് വിശദമായ റപ്പോർട്ട് നൽകി ആവശ്യമായ മാറ്റങ്ങൾ വരുത്തിയശേഷം നാട്ടിലെ ഫയർ സ്റ്റേഷനിലേക്ക് യന്ത്രം കൈമാറാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.