കൊടുങ്ങല്ലൂർ: ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂരിൽ സർവീസ് നടത്താനെരുങ്ങി ഒരു വിഭാഗം സ്വകാര്യ ബസുകൾ. ഉയർന്ന ടി.പി.ആറിനെ തുടർന്ന് നഗരസഭ പ്രദേശവും എറിയാട് പഞ്ചായത്തും ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണത്തിലാണ്. നിയന്ത്രണം ഒരു ദിവസം പിന്നിടുന്നതിനിടയിലാണ് സ്വകാര്യ ബസുകൾ സർവീസ് നടത്താനൊരുങ്ങി രംഗത്തിറങ്ങിയത്.
ഇതിനെ തുടർന്ന് നഗരസഭ അധികൃതർ ഇടപെട്ട് ബസ് ജീവനക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ - തൃശൂർ റൂട്ടിൽ ഓടുന്ന ചില ബസുകളാണ് നിയന്ത്രണത്തിനിടയിലും സർവീസ് നടത്താൻ തീരുമാനിച്ചത്. ഗുരുവായൂർ - എറണാകുളം റൂട്ടിൽ ബസുകൾ സർവീസ് തുടരുന്ന സാഹചര്യത്തിൽ തങ്ങളും ബസ് നിരത്തിലിറക്കുമെന്ന നിലപാടിലായിരുന്നു ഉടമകളും ജീവനക്കാരും.
സംഭവമറിഞ്ഞ് നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ ടീച്ചർ ബസ് സ്റ്റാന്റിലെത്തി ഉടമകളും, തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. ടി.പി.ആർ നിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ചെയർപേഴ്‌സൺ അഭ്യർത്ഥിച്ചു. തുടർന്ന് ചുരുക്കം ചില ബസുകൾ സർവീസ് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയെങ്കിലും മറ്റൊരു വിഭാഗം സർവീസ് തുടരുന്നുണ്ട്.