ചാലക്കുടി: ചാലക്കുടി അസംബ്ലി മണ്ഡലത്തിൽ ജനസ്വാധീനമില്ലാത്ത രാഷ്ട്രീയ കക്ഷിയ്ക്ക് സീറ്റ് നൽകിയത് പരാജയ കാരണമായെന്ന് തോൽവിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച അന്വേഷണ കമ്മീഷൻ എൽ.ജെ.ഡി ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. കോൺഗ്രസിൽ സജീവ പ്രവർത്തകനായിരുന്ന നേതാവ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി വിവാദം സൃഷ്ടിച്ചിരുന്നു. ഒടുവിൽ യു.ഡി.എഫ് വിട്ട് കേരള കോൺഗ്രസിലെത്തി സ്ഥാനാർത്ഥിയായതും വിനയായി. കോൺഗ്രസിന്റെ പണം ഒഴുക്കൽ, മണ്ഡലത്തിലെ സി.പി.എം-സി.പി.ഐ തർക്കം,ആദ്യ കാലത്ത് ജനതാദളിനായിരുന്ന സീറ്റ് മറ്റൊരു കക്ഷിക്ക് നൽകിയതിലെ പാർട്ടി പ്രവർത്തകരുടെ അമർഷം എന്നിവയും തോൽവിക്ക് കാരണമായി. ജോർജ് ഐനിക്കൽ ചെയർമാനായും സി.എ തോമസ്, കൊച്ചുപോളി, കുറ്റിചാക്കു അംഗങ്ങളുമായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.