തൃശൂർ: ചേറ്റുവയിൽ 30 കോടിയുടെ തിമിംഗല ഛർദ്ദിയുമായി (ആംബർഗ്രിസ്) മൂന്ന് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. വാടാനപ്പള്ളി രായംമരക്കാർ റഫീഖ് (47), പാലയൂർ കൊങ്ങണംവീട്ടിൽ ഫൈസൽ (40), എറണാകുളം ശ്രീമൂലനഗരം കരിയക്കര ഹംസ (49) എന്നിവരാണ് പിടിയിലായത്. കേന്ദ്ര വനംവകുപ്പ് ക്രൈം ബ്യൂറോയും തൃശൂർ വനംവകുപ്പ് ക്രൈം സ്ക്വാഡും ചേർന്ന് സംയുക്ത ഓപറേഷനിലൂടെയാണ് മൂവരെയും പിടികൂടിയത്.
പിടിച്ചെടുത്ത ആംബർ ഗ്രീസിന് 18 കിലോ ഭാരമുണ്ട്. സുഗന്ധ വിപണിയിൽ വൻ ഡിമാൻഡാണ് ആംബർ ഗ്രീസിന്. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ഒന്നാണ് ആംബർഗ്രിസ്. പെർഫ്യൂം നിർമ്മിക്കുന്നതിന് വ്യാപകമായി ഇവ ഉപയോഗിച്ചിരുന്നു. പിന്നീട് ഇവയുടെ ഉപയോഗം നിരോധിച്ചു. കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നിങ്ങനെയാണ് സ്പേം തിമിഗംലങ്ങളുടെ ഛർദ്ദി അറിയപ്പെടുന്നത്. തിമിംഗലത്തിന്റെ സ്രവമാണിത്. തിമിംഗലം ഛർദിക്കുമ്പാൾ ആദ്യം ദ്രവമായിട്ടാണ് ഇവ കാണുക. പിന്നീട് ഖരരൂപത്തിലാകും. രൂക്ഷമായ ഗന്ധവും ഇതിനുണ്ടാകും. കഴിഞ്ഞ ജൂണിൽ മുംബയിൽ അനധികൃതമായി 2.7 കോടിയുടെ തിമിംഗല ഛർദ്ദി (ആംബർഗ്രിസ്) വിൽക്കാൻ ശ്രമിച്ച മൂന്നുപേരെ വനം വകുപ്പ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ കേരളത്തിൽ ആദ്യമായാണ് തിമിംഗല ഛർദ്ദി പിടിച്ചെടുക്കുന്നത്.