തൃശൂർ: മത്സ്യ സമ്പത്തിന്റെ വർദ്ധന മുഖ്യ അജൻഡയാണെന്നും മത്സ്യ കർഷകരെ പ്രോത്സാഹിപ്പിക്കുന്ന കൂടുതൽ പദ്ധതികൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ. രാജൻ. മത്സ്യകർഷക ദിനാചരണത്തിന്റെ ഒല്ലൂക്കര ബ്ലോക്ക് തല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യക്കൃഷിക്ക് പൊതുജലാശയങ്ങൾ ഉപയോഗിക്കുന്നതിലൂടെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ സാധിക്കും. പീച്ചി അണക്കെട്ടിൽ പത്ത് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിരുന്നു. പീച്ചിയെ ഒരു പ്രത്യേക ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മികച്ച മത്സ്യ കർഷകരെ ആദരിച്ചു. വെള്ളാനിക്കരയിലെ ശങ്കരംകുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി അദ്ധ്യക്ഷനായി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.