കൊടുങ്ങല്ലൂർ: ഇടപ്പള്ളി കുറ്റിപ്പുറം ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ, ഒരുമനയൂർ വില്ലേജുകളിലെ അഞ്ചുപേരുടെ ഭൂമിയുടെ രേഖകൾ ദേശീയപാത അതോറിറ്റി ചുമതലപ്പെടുത്തിയ ലെയ്‌സൺ ഓഫീസർക്ക് കൈമാറി.
ഭൂമിയുടെ നഷ്ടപരിഹാരത്തുക അതാത് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഐ. പാർവതി ദേവി, സ്‌പെഷ്യൽ തഹസിൽദാർമാരായ ദ്വിതീപ് കുമാർ ബി, സി. എം ജോൺസൺ, പി. ഐ മുംതാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിച്ചത്.
ഇതിന്റെ തുടർച്ചയായി ആദ്യഘട്ടത്തിൽ ഫണ്ട് ലഭ്യമായ 85.87 ഹെക്ടർ ഭൂമിയുടെ ഉടമകൾക്ക് ഭൂമി വിട്ടൊഴിയുന്നതിനുള്ള നോട്ടീസുകൾ 90 ശതമാനവും നൽകിക്കഴിഞ്ഞു. പൂർണമായും വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസ പാക്കേജിന് അർഹതയുള്ളതും വീട് ആവശ്യപ്പെടുന്ന പക്ഷം 50 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീട് അല്ലാത്തവർക്ക് 1,50,000 രൂപ നഷ്ടപരിഹാരത്തുകയിൽ ഉൾപ്പെടുത്തി നൽകും.
വാണിജ്യ കെട്ടിടത്തിലെ വാടകക്കാരുടെ പുനരധിവാസ പാക്കേജുകൾ നിയമം അനുശാസിക്കുന്ന രീതിയിലും വിതരണം ചെയ്യും. ദേശീയപാത 66 വികസനത്തിനായി ജില്ലയിലെ ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളിൽ നിന്നായി 63 കിലോമീറ്റർ നീളത്തിലാണ് 205.4412 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്. ഇതിൽ പൂർണ്ണമായും ഭൂമിയുടെ രേഖകൾ ലഭ്യമായ 10 ഭൂവുടമകൾക്ക് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അവാർഡ് രേഖകൾ കൈമാറിയിരുന്നു.
ഭൂമി ഏറ്റെടുക്കൽ ഇങ്ങനെ
നോട്ടീസ് നൽകിയത് 85.87 ഹെക്ടർ ഭൂമിയുടെ ഉടമകൾക്ക്
ഏറ്റെടുക്കൽ നടപടി തുടങ്ങിയിട്ട് 11 വർഷം
ഭൂമിക്ക് നൽകേണ്ടത് 5,400 കോടി
8 വില്ലേജുകൾക്ക് ഭാഗികമായി അനുവദിച്ചത് 1,777 കോടി