അജ്മൽ ചമ്മന്നൂർ
കുന്നംകുളം: കുന്നംകുളം-തൃശൂർ സംസ്ഥാനപാതയിൽ കേച്ചേരി, ചൂണ്ടൽ റോഡിൽ ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെടുത്ത കുഴികൾ ടാർ ചെയ്യാത്തത് വൻ അപകട ഭീഷണി ഉയർത്തുന്നു. അദാനി ഗ്രൂപ്പ് ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടിയെടുത്ത കുഴികളാണ് വാഹനയാത്രികർക്ക് ഭീഷണിയാവുന്നത്. പൈപ്പ് സ്ഥാപിച്ചതിന് ശേഷം അശാസ്ത്രീയമായി മൂടിയ കുഴികളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. മണ്ണിട്ട് മൂടിയ കുഴികൾക്ക് മുകളിൽ ശരിയായ രീതിയിൽ ടാറിംഗ് നടത്താത്തതിനാൽ അപകടക്കുഴികൾ രൂപപ്പെടുകയാണ്. മണ്ണിട്ട് മൂടിയ കുഴികൾ മഴ പെയ്തതോടെ മണ്ണ് താഴ്ന്ന് കുഴികളാവുകയാണ്. മഴുവഞ്ചേരി മുതൽ ചൂണ്ടൽവരെ പൈപ്പ്‌ലൈനിന് വേണ്ടി റോഡിന്റെ ഒരുഭാഗത്ത് എടുത്ത കുഴികളാണ് വില്ലനായി മാറിയിട്ടുള്ളത്. ഏറ്റവും വീതികുറഞ്ഞ ചൂണ്ടൽപ്പാടം ഉൾപ്പെടുന്ന മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിൽ പതിനാറിടത്താണ് ടാറിംഗ് നടത്താത്തതുമൂലം റോഡിൽ കുഴി രൂപപ്പെട്ടിട്ടുള്ളത്. പാറന്നൂരിനടുത്ത് ഗ്യാസ് ലൈനിന് വേണ്ടിയെടുത്ത കുഴിയിൽ സ്‌കൂട്ടർ വീണ് സി.പി.എം നേതാവ് ജെയിംസ് ചിറയത്ത് മരിച്ചിരുന്നു. ഈ സംഭവത്തിൽ ഗ്യാസ് കമ്പനിക്കെതിരേ കുന്നംകുളം പൊലീസ് കേസെടുത്തിരുന്നു. കുന്നംകുളം നഗരത്തിൽ കഴിഞ്ഞ ദിവസം കുഴിയിൽ വീണുണ്ടായ അപകടത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടം സംഭവിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കയാണ്. കുഴികൾകണ്ട് പെട്ടെന്ന് വാഹനം വെട്ടിക്കുമ്പോൾ എതിർ ദിശയിൽനിന്നു വരുന്ന വാഹനങ്ങളിലിടിച്ചുള്ള അപകടങ്ങളും തുടർക്കഥയായി മാറുകയാണ്. രാത്രികാലത്താണ് ഇരുചക്ര വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്നത്. ആവശ്യത്തിന് തെരുവ് വിളക്കുകളില്ലാത്തതും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. അപകടങ്ങൾ നിത്യമാകുമ്പോഴും റോഡിലെ കുഴികൾ അടച്ച് ടാറിംഗ് നടത്താൻ അദാനി ഗ്രൂപ്പോ പൊതുമരാമത്ത് വകുപ്പോ തയ്യാറാകുന്നില്ല. കുഴികൾ അടച്ച് റോഡ് ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കാൻ പൊതുമരാമത്ത് വകുപ്പ് ഗ്യാസ് കമ്പനി അധികൃതർക്ക് നിർദേശം നൽകിയില്ലെങ്കിൽ അപകടങ്ങളിലൂടെ ഇനിയും മനുഷ്യ ജീവനുകൾ നഷ്ടമാകും.