p-k-warrier

തൃശൂർ: തൈക്കാട്ടുശേരിയിലെ വൈദ്യരത്‌നവും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചാൽ പൊക്കിൾക്കൊടി ബന്ധമെന്ന് തന്നെ പറയാം. വൈദ്യരത്‌നം ഔഷധശാല ഒരു സ്ഥാപനമായി രൂപീകരിക്കുന്നതിന് മുൻപുതന്നെ, നൂറ്റാണ്ടുകൾക്കും തലമുറകൾക്കുമപ്പുറം ആയുർവേദ രംഗത്തെ ഈ രണ്ട് പ്രസ്ഥാനങ്ങളിലെയും പൂർവികർ തമ്മിൽ തുടങ്ങിയ ഈടുറ്റ ബന്ധമാണത്.

അത് ഡോ. പി.കെ. വാരിയരിലൂടെ കൂടുതൽ ഊഷ്മളമായി. ആയുർവേദത്തിന്റെ വളർച്ചയ്ക്കും പെരുമയ്ക്കും ആ ഹൃദയബന്ധം വഴിയൊരുക്കി. സെമിനാറുകളും ചർച്ചകളും ഗവേഷണങ്ങളുമെല്ലാമായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയും വൈദ്യരത്‌നവും ആയുർവേദത്തെ കാലാനുസൃതമാക്കി. ആയുർവേദത്തിന്റെ ഈറ്റില്ലമായി കേരളം ലോകശ്രദ്ധയിലേക്ക് ഉയർന്നതും ഈ രണ്ടു സ്ഥാപനങ്ങളുടെ ചേർച്ചയുടെ പരിണിതഫലമായി. കോട്ടയ്ക്കലിലെ വിശേഷാവസരങ്ങളിൽ വൈദ്യരത്‌നത്തിന് ഒരു സ്ഥാനമുണ്ടാകും, തിരിച്ചും അങ്ങനെതന്നെ. മുത്തച്ഛന്റെ നവതിക്ക് ഡോ. പി.കെ. വാരിയർ വന്നതും അന്ന് അദ്ദേഹവുമായി അടുത്തിടപഴകാൻ അവസരം ഉണ്ടായതും വൈദ്യരത്‌നം ഗ്രൂപ്പ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസിന് ഇന്നും മറക്കാനാവില്ല. മുത്തച്ഛന്റെ അനുസ്മരണ ചടങ്ങിലും ഡോ. പി.കെ. വാരിയർ, അവർ തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള ആത്മബന്ധം അടിവരയിട്ടുപറഞ്ഞു. ആര്യവൈദ്യശാലയുടെ തൃശൂർ ബ്രാഞ്ച് തുടങ്ങിയപ്പോൾ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ഡോ. പി.കെ. വാരിയർ അച്ഛനെ ക്ഷണിച്ചു.
'ആര്യവൈദ്യശാലയുടെ ഒരു ചടങ്ങിലും ഒരു വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ തക്കവണ്ണം ഞാൻ വലുതായിട്ടില്ല. അതിന് മനസ് അനുവദിക്കുന്നുമില്ല, ഞാൻ ഇവിടെ വെറും ആതിഥേയൻ മാത്രം' എന്നാണ് അച്ഛൻ അന്ന് സൂചിപ്പിച്ചത്. ഡോ. പി.കെ. വാരിയരും അച്ഛനും പല വേദികളിലും ആഘോഷവേളകളിലും ഒരുമിക്കുന്നതിന് സാക്ഷിയാവാനും അവസരമുണ്ടായി. മറയില്ലാത്ത സ്‌നേഹം, ഉള്ള് തുറന്നുള്ള സംസാരം ഇതെല്ലാം അവരുടെ വർത്തമാനങ്ങളിൽ കാണാം. ഇരുവരും സരസമായി സംസാരിക്കുന്നവരാണ്. ഒരു ജ്യേഷ്ഠസഹോദരനും ഗുരുസ്ഥാനീയനുമായിട്ടാണ് അച്ഛൻ ഡോ. പി.കെ. വാരിയരെ കണ്ടിരുന്നത്. 2017ൽ വൈദ്യരത്‌നം സംഘടിപ്പിച്ച അന്താരാഷ്ട്ര ആയുർവേദ സെമിനാറിൽ മുഖ്യാതിഥി ആരാകണമെന്ന കാര്യത്തിൽ അച്ഛന് ഒരു സംശയവുമുണ്ടായിരുന്നില്ല ; ഡോ. പി.കെ. വാരിയർ മതി എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നുവെന്നും ഡോ. നീലകണ്ഠൻ മൂസ് ഓർക്കുന്നു.

...................................................

ആയുർവേദം പുരോഗമിക്കണമെങ്കിൽ നിരന്തരമായ ഗവേഷണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ലളിത ജീവിതമായിരുന്നു. മരുന്നുകൾ കുറിക്കുമ്പോഴും ആ ലാളിത്യം പുലർത്തി. ജീവിതചര്യകളാണ് രോഗം വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. രോഗമുക്തിയുടെ ഡാറ്റ ഉണ്ടെങ്കിലേ ലോകത്തിന് മുന്നിൽ ആയുർവേദത്തിന് അംഗീകാരവും ആധികാരികതയും ഉണ്ടാകൂവെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. വൈദ്യരത്‌നം ഗവേഷണ മാസിക പുറത്തിറക്കാൻ തീരുമാനിച്ചപ്പോൾ വേണ്ട ഉപദേശങ്ങൾ അദ്ദേഹത്തിൽ നിന്നു ലഭിച്ചു.

ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്‌