കൊടുങ്ങല്ലൂർ: വീടുകളിൽ നിന്ന് അനധികൃതമായി വ്യക്തിഗത വിവര ശേഖരണം നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി കൊടുങ്ങല്ലൂർ നഗരസഭ. വ്യക്തിഗത വിവര ശേഖരണത്തിനെതിരെ പരാതി ഉയർന്നിട്ടുണ്ടെന്നും ഇത്തരം നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉടനെ അവ അവസാനിപ്പിക്കണമെന്നും ചെയർപേഴ്‌സൺ എം.യു ഷിനിജ ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മറവിലാണ് വിവരങ്ങൾ ശേഖരിക്കുന്നതായി ആരോപണം ഉയർന്നിട്ടുള്ളത്. ഇതിനായി പ്രത്യേക ഫോറം അച്ചടിച്ച് വീടുകളിൽ വിതരണം ചെയ്ത് പേര്, വിലാസം, ആധാർ നമ്പർ, രക്ത ഗ്രൂപ്പ്, ഫോൺ നമ്പർ, ഇ- മെയിൽ വിലാസം, പെൻഷൻ, വളർത്തുമൃഗങ്ങൾ, ഒറ്റയ്ക്ക് താമസിക്കുന്നവരാണോ തുടങ്ങിയ വിശദാംശങ്ങളാണ് ചോദ്യാവലിയിൽ ചേർത്തിട്ടുള്ളത്.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ജനങ്ങളിൽ നിന്ന് പ്രത്യേക ഫോറം അച്ചടിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് നഗരസഭ കൗൺസിൽ തീരുമാനിക്കുകയോ ഇതിനായി ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇത്തരം അനാവശ്യ വിവരങ്ങൾ ശേഖരിക്കുന്ന നടപടിയുമായി കൗൺസിലിന് യാതൊരുവിധ ഉത്തരവാദിത്തമില്ലെന്നും ചെയർപേഴ്‌സൺ എം.യു ഷിനിജ അറിയിച്ചു.