kimatam
റവന്യു മന്ത്രി കെ. രാജന്‍ കൊടുത്തയച്ച പഠനോപകരണങ്ങള്‍ ഗീതികയ്ക്ക് കൈമാറുന്നു

കല്ലൂർ: പഠിക്കാൻ പുസ്തകം ഇല്ല, ബാഗ് ഇല്ല,​ മന്ത്രി മാമൻ സഹായിക്കണം. റവന്യൂ മന്ത്രി കെ. രാജന്റെ ഫോണിലേക്ക് ഗീതിക എന്ന കൊച്ചുമിടുക്കിയുടെ ഫോൺ കോളെത്തി. അമ്മയ്ക്ക് കൊവിഡ് ബാധിച്ചതോടെ ബ്യൂട്ടിപാർലറിൽ ഉണ്ടായിരുന്ന ജോലി നഷ്ടമായി. കുടുംബത്തിന്റെ ആകെയുള്ള വരുമാനം നിലച്ചു. ഗീതികയ്ക്ക് പഠനോപകരണങ്ങൾ വാങ്ങാൻ കഴിയാതായതോടെയാണ് മന്ത്രിയെ ബന്ധപ്പെട്ടത്. ഫോൺ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഗീതികയ്ക്ക് സ്‌കൂൾ ബാഗും,​ പുസ്തകങ്ങളും,​ ഇൻസ്ട്രുമെന്റ് ബോക്‌സും ഉൾപ്പെടെയുള്ള പഠനോപകരണം എത്തിച്ചു നൽകിയപ്പോൾ വീട്ടുകാരും അത്ഭുതപ്പെട്ടു. സി.പി.ഐ തൃക്കൂർ ലോക്കൽ ഭാരവാഹികളായ പി. ശരത്ചന്ദ്രൻ, വി.കെ സുലൈമാൻ, സുശീല ശരത്ത് എന്നിവർ ചേർന്ന് ഗീതികയുടെ വീട്ടിലെത്തി പഠനോപകരണങ്ങൾ കൈമാറി. ഒല്ലൂർ സെന്റ് മേരീസ് സ്കൂളിൽ 7ാം ക്ലാസ് വിദ്യാർത്ഥിനിയായ ഗീതിക കല്ലൂർ നായരങ്ങാടി കോമാട്ടിൽ രമ്യയുടെ മകളാണ്. മന്ത്രി രാജനോടുള്ള നന്ദി അറിയിച്ച് ഗീതികയുടെ ചേച്ചി ഫേസ്ബുക്കിൽ കുറിപ്പും എഴുതി.