കൊടുങ്ങല്ലൂർ: സംസ്ഥന ചലച്ചിത്ര അക്കാഡമിയും എം.ഇ.എസ് അസ്മാബി കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന ഡീപ് ഫോക്കസ് വെബിനാർ സീരീസിന് തിങ്കളാഴ്ച തുടക്കമാകും. ചലച്ചിത്രപഠനം വിഷയമാക്കി പ്രമുഖർ പങ്കെടുക്കുന്ന വെബിനാർ രാവിലെ 11 ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അക്കാഡമി ചെയർമാനും സംവിധായകനുമായ കമൽ ചലച്ചിത്ര വെബിനാറിനെ കുറിച്ച് ആമുഖപ്രഭാഷണം നടത്തും. എം.ഇ.എസ് പ്രസിഡന്റും ഫിലിം ചേംബർ മുൻ പ്രസിഡന്റുമായ ഡോ. പി.എ. ഫസൽ ഗഫൂർ അദ്ധ്യക്ഷത വഹിക്കും.
അടൂർ ഗോപാലകൃഷ്ണൻ വിദ്യാർത്ഥികളുമായി സംവാദിക്കും. കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ, ഇംഗ്ലീഷ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ 'ഡീപ് ഫോക്കസ്' എന്ന പേരിലാണ് വെബിനാർ സീരീസ് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 4 മണി മുതൽ മലയാള സിനിമയിലെ ലിംഗസമത്വവും വിവേചനവും' എന്ന വിഷയത്തെ പറ്റി നടിയും, സൈക്കോളജിസ്റ്റുമായ മാല പാർവതി, സിനിമാ സംവിധായികയും എഴുത്തുകാരിയുമായ വിധു വിൻസെന്റ്, നടി അനുമോൾ എന്നിവർ സംസാരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ലോക സിനിമയും ഇന്ത്യൻ സിനിമയും, സിനിമയിലെ നവ തരംഗങ്ങൾ, നിർമ്മാണം, ആസ്വാദനം, മറ്റ് മേഖലകളായ സംവിധാനം, എഡിറ്റിംഗ്, തിരക്കഥ, കാമറ തുടങ്ങി വിഷയങ്ങളിൽ പ്രമുഖർ വെബിനാറുകൾ നയിക്കും.