ചാലക്കുടി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൊരട്ടിയെ സമ്പൂർണ്ണ കുടിവെള്ള പഞ്ചായത്താക്കി മാറ്റുന്ന പാറക്കൂട്ടം കുടിവെള്ള പദ്ധതിക്ക് തുടക്കമായി. മുൻ എം.എൽ.എ ബി.ഡി ദേവസിയുടെ ശ്രമഫലമായാണ് ഈ പദ്ധതിക്ക് തുക അനുവദിച്ചത്. അന്ന് നിർമ്മാണോദ്ഘാടനം നടത്തുകയും ചെയ്തു. ചാലക്കുടിപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കൊരട്ടിയിലെ ഏറ്റവും ഉയർന്ന പ്രദേശമായ പാറക്കൂട്ടത്തെ സ്റ്റോറേജ് ടാങ്കിൽ എത്തിക്കും. പ്ലാന്റുൾപ്പെടുന്ന വലിയ പദ്ധതിക്ക് 33 കോടി രൂപ ചെലവ് കണക്കാക്കുന്നു. ഇതിൽ ജൽ ജീവൻ മിഷനും സംസ്ഥാന, പഞ്ചായത്ത് വിഹിതവും, ഗുണഭോക്തൃവിഹിതവും ഉൾപ്പെടുന്നു. പദ്ധതി പ്രകാരം 3390 കണക്ഷനുകൾ പഞ്ചായത്തിന് നൽകും. സംസ്ഥാന ജലവിഭവ വകുപ്പ് നേരിട്ടായിരിക്കും പൂർത്തീകരണത്തിന് മേൽനോട്ടം വഹിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ കൊരട്ടി പൂർണ്ണ കുടിവെള്ള പഞ്ചായത്തായി മാറുമെന്നും ജനങ്ങളുടെ വലിയ സ്വപ്ന സാക്ഷാത്ക്കാരം ആയി പദ്ധതി മാറുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു അറിയിച്ചു. പ്ലാന്റ് നിർമ്മാണ സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു, വികസന ചെയർമാൻ അഡ്വ.കെ.ആർ സുമേഷ്, ലിജോ ജോസ് എന്നിവർ സന്ദർശിച്ചു.