കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സംവരണം മൗലിക അവകാശമാക്കുക, സ്വകാര്യ മേഖലയിലും സമഗ്രമായ സംവരണ നിയമം പാസാക്കുക തുടങ്ങിയ മുദ്രാവാക്യമുന്നയിച്ച് പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ സംഘടിപ്പിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന സമരം ഏരിയ സെക്രട്ടറി സി.ഡി സിജിത്ത് ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ അദ്ധ്യക്ഷനായി. വി.സി മണി, എൻ.സി അജയൻ എന്നിവർ സംസാരിച്ചു. കിഴുത്താനിയിൽ ഏരിയ പ്രസിഡന്റ് എ.വി ഷൈൻ, ടൗൺ ഈസ്റ്റിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലൻ, കാറളത്ത് എ.വി അജയൻ, വേളൂക്കര വെസ്റ്റിൽ എൻ.കെ അരവിന്ദാക്ഷൻ മാസ്റ്റർ, പൂമംഗലത്ത് വത്സല ബാബു, വേളൂക്കര ഈസ്റ്റിൽ കെ.വി മദനൻ, പൊറത്തിശ്ശേരിയിൽ പി.കെ സുരേഷ്, പടിയൂരിൽ എം.പി സുരേഷ്, കാട്ടൂരിൽ ടി.വി ലത, കരുവന്നൂരിൽ പി.കെ മനുമോഹൻ എന്നിവർ ഉദ്ഘാടനം ചെയ്തു.


ജനറൽ ആശുപത്രിയിലേക്ക് സ്‌നേഹതീരം ചാരിറ്റബിൾ സൊസൈറ്റിയുടെ കൈത്താങ്ങ്

ഇരിങ്ങാലക്കുട: കൊവിഡ് പശ്ചാത്തലത്തിൽ ജനറൽ ആശുപത്രിയിലേക്ക് സ്‌നേഹഹതീരം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ട്രച്ചർ, വെയിംഗ് മെഷീൻ എന്നീ സാമഗ്രഹികൾ സംഘടന പ്രസിഡന്റ് എം.കെ വറുതുണ്ണി ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ, സെക്രട്ടറി റോജി എന്നിവർക്ക് കൈമാറി. സൈമൺ കാട്ടൂക്കാരൻ, ഷിബു കാച്ചപ്പിളളി, ജോസഫ് പളളായി എന്നിവർ നേതൃത്വം നൽകി.

ഡി.വൈ.എഫ്.ഐ ഹൃദയപൂർവം ഭക്ഷണ വിതരണം അഞ്ചാം വർഷത്തിലേക്ക്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി അഞ്ചാം വർഷത്തിലേക്ക് കടന്നു. 2017 ജൂൺ 10 ന് 200 പേർക്ക് ഭക്ഷണം നൽകി ആരംഭിച്ച പദ്ധതി ദിവസവും ശരാശരി 250 പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന നിലയിലാണ് നടന്ന് വരുന്നത്. ബ്ലോക്കിലെ 15 മേഖല കമ്മിറ്റികളിൽ നിന്നുള്ള 136 യൂണിറ്റുകളെയാണ് ഓരോ ദിവസവും ഭക്ഷണം വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ യൂണിറ്റ് പ്രദേശങ്ങളിലെ വീടുകളിൽ നിന്നും പൊതിച്ചോർ ശേഖരിച്ചാണ് ഭക്ഷണ വിതരണം നടത്തിയിരുന്നത്. നിലവിൽ ആശുപത്രിക്ക് പുറമെ നഗരത്തിലെ അശരണർക്കും, നിരാലംബർക്കും പൊതിച്ചോറുകൾ നൽകുന്നുണ്ട്. കഴിഞ്ഞ നാല് വർഷക്കാലവും ഭക്ഷണവിതരണത്തോടൊപ്പം തന്നെ ഭക്ഷണവുമായി വരുന്ന യൂണിറ്റുകളിലെ പ്രവർത്തകർ ആവശ്യമെങ്കിൽ രക്തവും ദാനം ചെയ്യുന്നുണ്ട്. എകദേശം 3 ലക്ഷം പൊതിച്ചോറുകൾ ഈ കാലയളവിൽ വിതരണം ചെയ്തു.

അഞ്ചാം വാർഷികത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് പി.കെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ആർ.എൽ ശ്രീലാൽ, ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾ, ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ്, ജില്ലാ കമ്മിറ്റിയംഗം പി.സി നിമിത എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള രാത്രി ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്.

ശാന്തിനികേതൻ പബ്ലിക് സ്‌കൂൾ ക്ലിന്റർ ഗാർട്ടനിൽ ചോക്ലേറ്റ് ഡേ ആഘോഷിച്ചു

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്‌കൂളിൽ ക്ലിന്റർഗാർട്ടിൻ ഓൺലൈൻ ഫ്‌ളാറ്റ് ഫോമിലൂടെ ചോക്ലേറ്റ് ഡേ ആഘോഷിച്ചു. രാജേഷ് തംബുരു ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ പി.എൻ ഗോപകുമാർ, കെ.ജി പ്രധാനദ്ധ്യാപിക രമ ഗോപാലകൃഷണൻ, യു.കെ.ജി വിദ്യാർത്ഥികളായ ടി.കെ സായ, ഇഷ പ്രവീൺ, അർഷിനി, കൺവീനർ ഗീത നായർ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് ചോക്ലേറ്റ് ഉണ്ടാക്കുന്നതിന്റെ വിവിധ വീഡിയോ ദൃശ്യങ്ങൾ, മിഠായി കവർ കൊണ്ട് വിവിധ അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിലൂടെ പ്രദർശിപ്പിച്ചു. കുഞ്ഞുണ്ണി മാഷിന്റെ മിഠായി എന്ന കവിതയുടെ ആലാപനവും നടന്നു.

മത്സ്യകർഷക ദിനാചരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം

ഇരിങ്ങാലക്കുട: സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യകർഷകദിനാചരണം, പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ, മത്സ്യകർഷകരെ ആദരിക്കൽ എന്നീ പരിപാടികളുടെ ബ്ലോക്ക് തല ഉദ്ഘാടനം മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഇ.സി ജോൺസൺ, എ.വൈ ജെയ്‌സൺ എന്നീ കർഷകരെ ആദരിച്ചു. മോഹനൻ വലിയാട്ടിൽ, സുനിത മനോജ്, സി.എം സാനി, പി.ഡി ലിസ്സി എന്നിവർ സംസാരിച്ചു.


മാഞ്ഞാകുഴി ഇറിഗേഷൻ ബണ്ട് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ പ്രസിഡന്റ് സന്ദർശിച്ചു

ആറാട്ടുപുഴ: ആറാട്ടുപുഴ മാഞ്ഞാകുഴി ഇറിഗേഷൻ ബണ്ട് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല സന്ദർശിച്ചു. പറപ്പൂക്കര, വല്ലച്ചിറ പഞ്ചായത്ത് അതിർത്തിയിൽ മുളങ്ങ് ദേശത്തിന്റെ ശാപമായ ബണ്ട് വിഷയത്തിന് പരിഹാരം കാണുന്നതിന് നിരന്തരമായി പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രദേശവാസികളുടെ പരാതി ലഭിച്ചതനുസരിച്ചാണ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷൻ ദേശിയ പ്രസിഡന്റ് സ്ഥലം സന്ദർശിച്ചത്. രണ്ട് വാർഡുകൾ ഉൾപ്പെടുന്ന പ്രസ്തുത പ്രദേശത്തിന്റെ അംഗങ്ങളുമായി സംസാരിച്ച് വേണ്ട നടപടികൾ എത്രയും പെട്ടെന്ന് എടുക്കുന്നതിനും എല്ലാ നിയമസഹായങ്ങളും എച്ച്.ആർ.പി.എം ജില്ലാ ഭാരവാഹികൾ വഴി ലഭ്യമാക്കാനും നാഷണൽ പ്രസിഡന്റ് നിർദ്ദേശിച്ചു.

2018-ലെ പ്രളയത്തിൽ ഈ പ്രദേശത്തെ കിഴക്കും പടിഞ്ഞാറും ഭാഗത്തെ ബണ്ട് നശിച്ചപ്പോൾ ഈ പ്രദേശം പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു. മുന്നൂറോളം കുടുംബങ്ങളെയും അവരുടെ കൃഷിയിടങ്ങളെയും നേരിട്ട് ബാധിക്കുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നത് വരെ ജനങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. സംസ്ഥാന ലീഗൽ സെൽ അംഗം ഹിരൻ സുദേവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ബി ഷാജൻ, വിനയൻ തളിക്കുളം, സംസ്ഥാന യൂത്ത് വിംഗ് അംഗം വി.പി ആദർശ് തുടങ്ങിയവരും പങ്കെടുത്തു.