മത്സ്യകർഷക ദിനാചരണം നടത്തി
ഇരിങ്ങാലക്കുട: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സ്യ കർഷക ദിനാചരണത്തിന്റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അദ്ധ്യക്ഷനായി. ഇ.സി ജോൺസൺ, എ.വൈ ജെയ്‌സൺ എന്നീ മത്സ്യ കർഷകരെ മന്ത്രി ആദരിച്ചു. ബ്ലോക്കിലെ അക്വാകൾച്ചർ മത്സ്യകൃഷിയുടെ പ്രകാശനവും കൂനമ്മാവ് കുളത്തിലെ മത്സ്യ കുഞ്ഞുങ്ങളുടെ നിക്ഷേപിക്കലും നടത്തി. വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, സുനിത മനോജ്, സി.എം സാനി എന്നിവർ പ്രസംഗിച്ചു.


നിവേദനം നൽകി
ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്തിലെ അവുണ്ടറച്ചാൽ, പതിനൊന്നാം ചാൽ എന്നിവിടങ്ങളിലെ മത്സ്യ കാപ്പുകളുടെ ഈ വർഷത്തെ ലേലം റദ്ദാക്കണമന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച പൂമംഗലം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. മത്സ്യ കാപ്പുകളിൽ മത്സ്യബന്ധനം നടത്തുന്നതിന് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് മാത്രം അനുമതി നൽകണമെന്നും,​ അവർക്ക് ലഭിക്കുന്ന മത്സ്യം പഞ്ചായത്തിൽ സ്റ്റാൾ നിർമ്മിച്ച് വിപണനം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലേലം മാറ്റി വച്ചില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ നിവേദനത്തിൽ അറിയിച്ചിട്ടുണ്ട്.